ഭാര്യയെ കൊലപ്പെടുത്തി തുടക്കം, സീരിയല്‍ കില്ലര്‍ കൊന്ന് തള്ളിയത് 42 സ്ത്രീകളെ: അടിമുടി ദുരൂഹത


നെയ്‌റോബി: കോളിന്‍സ് ജുമൈസി ഖലൂഷ രണ്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യ ഉള്‍പ്പെടെ 42പേരെ. നെയ്‌റോബിയിലാണ് സംഭവം. കാണാതായ ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള നെയ്റോബി പൊലീസിന്റെ അന്വേഷണം അവസാനിച്ചത് ഉപയോഗ ശൂന്യമായ മാലിന്യം നിറഞ്ഞ ക്വാറിയിലാണ്. കണ്ടെത്തിയതാകട്ടെ അഴുകി തുടങ്ങിയ 9 മൃതദേഹങ്ങളും. ഇതോടെയാണ് സീരിയല്‍ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

കൊല്ലപ്പെട്ട ജോസഫൈന്‍ മൂലോങ്കോ എന്ന സ്ത്രീയുടെ ഫോണ്‍ കോളുകള്‍ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് സീരിയല്‍ കില്ലറെ കുടുക്കിയത്. ഇവരുമായി നിരവധി പണമിടപാടുകള്‍ ജുമൈസി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പണമിടപാടുകള്‍ നടത്തിയ സംശയവും പിന്നാലെ നടത്തിയ ചോദ്യം ചെയ്യലുമാണ് ക്രൂര കൃത്യങ്ങളുടെ ചുരുളഴിച്ചത്. ഏകദേശം 42ഓളം സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

33 കാരനായ ജുമൈസിയുടെ വീട്ടില്‍ നിന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന കത്തി, ഗ്ലൗസുകള്‍, റബ്ബര്‍ കയറുകള്‍, മൃതദേഹങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച നൈലോണ്‍ ചാക്കുകള്‍ എന്നിവ പൊലീസ് കണ്ടെത്തി. കൂടാതെ നിരവധി മൊബൈല്‍ ഫോണുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍ എന്നിവയും കണ്ടെത്തി.