ധാക്ക: നൂറോളം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിന് കാരണമായ സംവരണ തീരുമാനത്തിൽ മാറ്റം വരുത്തി ബംഗ്ലാദേശ് സുപ്രീം കോടതി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തളളി. സംവരണം പുനഃസ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
93 ശതമാനം സർക്കാർ ജോലി മെറിറ്റിൽ നൽകാനും ബാക്കി ഏഴ് ശതമാനം സംവരണം ഏർപ്പെടുത്താനും സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ശതമാനത്തിൽ അഞ്ച് ശതമാനം സംവരണം ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നൽകും. ബാക്കി രണ്ട് ശതമാനം സംവരണം പിന്നാക്ക, ലൈംഗിക ന്യൂനപക്ഷ, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകും.
30 ശതമാനം സംവരണം നടപ്പിലാക്കാൻ ഉത്തരവിട്ടതിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ബംഗ്ലാദേശ് കണ്ടത്. നൂറോളം പേരാണ് ഇതുവരെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. രാജ്യത്ത് മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം അനിയന്ത്രിതമായതോടെയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. 2018ല്‍ എടുത്തുകളഞ്ഞ സംവരണമാണ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികൾ തെരുവിലിറങ്ങുകയായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം കനത്തത്.