ആഡംബര നൗക കൊടുങ്കാറ്റടിച്ച് കടലിൽ മുങ്ങി: മോര്‍ഗന്‍ സ്റ്റാന്‍ലി ചെയര്‍മാന്‍ ഉള്‍പ്പെടെ ആറുപേരെ കാണാതായി
ഇറ്റലി: തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റടിച്ച് കൂറ്റന്‍ ആഡംബര നൗക മുങ്ങി. അപകടത്തിൽ ആഗോള ബാങ്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മെഡിറ്ററേനിയൻ ദ്വീപിൻ്റെ തീരത്തുനിന്ന് 700 മീറ്റർ അകലെ പലേർമോയുടെ കിഴക്ക് പോർട്ടിസെല്ലോ തുറമുഖത്തിന് സമീപമാണ് സംഭവം. ബ്രീട്ടീഷ് പതാകയുള്ള ബയേസിയൻ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 10 ജീവനക്കാരും 12 യാത്രക്കാരുമടക്കം 22 പേരാണ് നൗകയിലുണ്ടായിരുന്നത്. ഒരു വയസുകാരിയായ ബ്രിട്ടീഷ് പെൺകുട്ടി ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തി.
കാണാതായവരിൽ ജോനാഥൻ ബ്ലൂമറെ കൂടാതെ ക്ലിഫോർഡ് ചാൻസ് അഭിഭാഷകൻ ക്രിസ് മോർവില്ലോ, യുകെ ടെക് വ്യവസായി മൈക്ക് ലിഞ്ച്, മകൾ ഹന്ന എന്നിവരും ഉൾപ്പെടുന്നതായാണ് വിവരം. കപ്പലിലെ കുക്കിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായവർക്കായി മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയാണ്.