ടൂറിനിലെ കച്ചയ്ക്ക് 2000 വര്‍ഷത്തെ പഴക്കമെന്ന് സ്ഥിരീകരണം: ഈ കച്ച യേശുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതെന്ന് വിശ്വാസം
ജറുസലേം: ടൂറിനിലെ കച്ചയ്ക്ക് 2000 വര്‍ഷം പഴക്കമുണ്ടെന്നു ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. ഈ കച്ച കുരിശുമരണം വരിച്ച യേശുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതാണെന്നാണു വിശ്വാസം. എന്നാല്‍, കച്ചയുടെ പഴക്കം സംബന്ധിച്ച് നൂറ്റാണ്ടുകളായി തര്‍ക്കമുണ്ടായിരുന്നു. 1350 കളിലാണ് ആദ്യമായി കച്ച പ്രദര്‍ശിപ്പിക്കപ്പെട്ടത്. അന്നു മുതല്‍ പലപരീക്ഷണങ്ങള്‍ക്കു വിധേയമായി. നിരവധി ഗവേഷണ ഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. തര്‍ക്കം തുടരുന്നതിനിടെ 1980 ല്‍ ടൂറിനിലെ കച്ചയ്ക്ക് ഏതാനും നൂറ്റാണ്ടുകള്‍ മാത്രമാണു പഴക്കമുള്ളതെന്ന നിഗമനം പുറത്തുവന്നു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി.
എന്നാല്‍, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇറ്റലിയിലെ ശാസ്ത്രജ്ഞരാണു കച്ചയുടെ പഴക്കം സ്ഥിരീകരിച്ചത്. കൈകള്‍ മുന്നില്‍ മടക്കിവച്ചിരിക്കുന്ന ഒരു മനുഷ്യന്റെ മങ്ങിയ, രക്തം പുരണ്ട മാതൃകയാണു കച്ചയില്‍ പതിഞ്ഞത്.
യേശുവിന്റെ രക്തമാണു രൂപത്തിനു കാരണമെന്നാണു വിശ്വാസം. അരിമത്യയിലെ യൗസേഫ് യേശുവിന്റെ ശരീരം തുണി കവചത്തില്‍ പൊതിഞ്ഞ് ശവകുടീരത്തിനുള്ളില്‍ സ്ഥാപിച്ചതായി ബൈബിള്‍ പറയുന്നു.
1350 കളില്‍ കച്ച ലഭിച്ചതു മുതല്‍ ചരിത്രകാരന്മാര്‍, സഭാമേധാവികള്‍ എന്നിവരുടെ ഭാവനയെ ആകര്‍ഷിച്ചു. ഫ്രഞ്ച് യോദ്ധാവായ ജെഫ്രോയ് ഡി ചാര്‍നി കച്ച ഫ്രാന്‍സിലെ ലിറിയിലെ പള്ളിയുടെ ഡീനിനു നല്‍കി. ഇറ്റലിയിലെ ടൂറിനിലെ സാന്‍ ജിയോവന്നി ബാറ്റിസ്റ്റ കത്തീഡ്രലിലെ രാജകീയ ചാപ്പലില്‍ 1578 മുതല്‍ ഇത് സംരക്ഷിക്കപ്പെടുന്നു.
കച്ചയില്‍ 5 അടി 7 ഇഞ്ച് മുതല്‍ 6 അടി വരെ ഉയരമുള്ള ഒരു മെലിഞ്ഞ മനുഷ്യനെ ചിത്രീകരിക്കുന്നു. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന യേശുവിന്റെ ക്രൂശിക്കപ്പെട്ട മുറിവുകളുമായി ശരീരത്തിലെ അടയാളങ്ങള്‍ പൊരുത്തപ്പെടുന്നതായി ഇറ്റാലിയന്‍ ഗവേഷകര്‍ പറഞ്ഞു. അതില്‍ തലയിലെ മുള്ള് അടയാളങ്ങള്‍, പിന്‍ഭാഗത്തെ മുറിവുകള്‍, തോളിലെ ചതവുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അദ്ദേഹം ചുമലില്‍ വഹിച്ച കുരിശിന് ഏകദേശം 136 കിലോഗ്രാം ഭാരമുണ്ടെന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
യേശുവിനെ റോമാക്കാര്‍ തല്ലിച്ചതച്ചുവെന്ന് ബൈബിള്‍ പറയുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് തലയില്‍ മുള്ളുകളുടെ കിരീടം സ്ഥാപിച്ചു. 1988 ല്‍, രാജ്യാന്തര ഗവേഷകര്‍ കാര്‍ബണ്‍ ഡേറ്റിങ് ഉപയോഗിച്ച് കവചത്തിന്റെ ഒരു ചെറിയ ഭാഗം വിശകലനം ചെയ്തു. കച്ച എ.ഡി. 1260 നും 1390 നും ഇടയില്‍ നിര്‍മിച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പുതിയ പഠനത്തിനായി, നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഇറ്റലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്റ്റലോഗ്രാഫിയിലെ ശാസ്ത്രജ്ഞര്‍ വൈഡ് ആംഗിള്‍ എക്സ്റേ സ്‌കാറ്ററിങ് (വാക്സ്) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഈ സാങ്കേതികവിദ്യ ഫ്ളാക്സ് സെല്ലുലോസിന്റെ സ്വാഭാവിക പഴക്കം അളക്കുകയും നിര്‍മാണം മുതലുള്ള സമയത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്യും.
ടൂറിനിലെ കച്ചയില്‍നിന്നുള്ള എട്ട് ചെറിയ സാമ്പിളുകള്‍ സംഘം പഠിച്ചു, ലിനന്റെ ഘടനയുടെയും സെല്ലുലോസ് പാറ്റേണുകളുടെയും ചെറിയ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അവയെ എക്സ്റേയ്ക്ക് വിധേയമാക്കി. പഞ്ചസാര തന്മാത്രകളുടെ നീണ്ട ശൃംഖലകളാണ് സെല്ലുലോസ് നിര്‍മിച്ചിരിക്കുന്നത്, അവ കാലക്രമേണ ശിഥിലമാകും. ടൂറിനിലെ കച്ച യൂറോപ്പില്‍ എത്തുന്നതിന് മുമ്പ് ഏകദേശം 13 നൂറ്റാണ്ടുകളായി ഏകദേശം 22.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും 55 ശതമാനം ആപേക്ഷിക ആര്‍ദ്രതയിലും സൂക്ഷിച്ചിരുന്നതായി സംഘം നിര്‍ണയിച്ചു.
ഒന്നാം നൂറ്റാണ്ടില്‍ ഇസ്രയേലില്‍ കണ്ടെത്തിയ മറ്റ് തുണിത്തരങ്ങളുമായി ഗവേഷകര്‍ കവചത്തിലെ സെല്ലുലോസ് തകര്‍ച്ചയെ താരതമ്യം ചെയ്തു. ഇസ്രയേലിലെ മസാദയില്‍ കണ്ടെത്തിയ ചരിത്ര രേഖകള്‍ പ്രകാരം എ.ഡി. 55- 74 കാലഘട്ടത്തില്‍ കണ്ടെത്തിയ ഒരു ലിനന്‍ സാമ്പിളില്‍നിന്ന് ലഭിച്ച സമാന അളവുകളുമായി ഡേറ്റാ പ്രൊഫൈലുകള്‍ പൂര്‍ണമായും പൊരുത്തപ്പെട്ടുവെന്ന് ഹെറിറ്റേജ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.