ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് പതിച്ചത് മൊസാദിന്റെ ആസ്ഥാനത്ത്: സ്ഥലത്ത് വന്‍ അഗാധ ഗര്‍ത്തം രൂപപ്പെട്ടു


ടെല്‍അവീവ് : ഇറാന്‍ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചു. പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നതെന്ന് സിഎന്‍എന്‍ ജിയോ ലൊക്കേറ്റ് ചെയ്തു.

പാര്‍ക്കിംഗ് സ്ഥലമെന്നു തോന്നിക്കുന്ന സ്ഥലത്താണ് 50 അടി വീതിയില്‍ ഗര്‍ത്തമുണ്ടായത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞു. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ മണ്ണില്‍ മൂടി. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതോടെ ഒരു കോടിയോളം പേര്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടി. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയണ്‍ ഡോമും ആരോയുമാണ് മിക്ക മിസൈലുകളും തകര്‍ത്തതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ലയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയും ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടത്. ജോര്‍ദാനിലെ നഗരങ്ങള്‍ക്കു മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് നീങ്ങുന്ന മിസൈലുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആക്രമണം നടന്നെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു.