എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, യുണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്



ജനീവ: ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ് കണക്ക്. അഞ്ചില്‍ സ്ത്രീകളില്‍ ഒരാള്‍, അതായത് 65 കോടിയിലേറെ പേര്‍ ലൈംഗിക ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിവയുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യുണിസെഫ് പറയുന്നു. അന്താരാഷ്ട്ര ബാലിക ദിനത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വന്നത്.

Read Also: തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: ക്യാമറ പുതപ്പിനുള്ളില്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ആഴത്തിലുള്ള മനുഷ്യാവകാശ ലംഘനമാണെന്നും, അതിജീവിതര്‍ പ്രായപൂര്‍ത്തിയായാല്‍ പോലും ഇതിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നില്ലെന്നും യൂണിസെഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളോടുള്ള മനോഭാവത്തെ ധാര്‍മിക ബോധത്തിന് മേലുള്ള കളങ്കമെന്നാണ് യൂണിസെഫ് വിശേഷിപ്പിക്കുന്നത്. താന്‍ അറിയുകയും വിശ്വസിക്കുകയും സുരക്ഷിതയാണെന്ന് തോന്നുകയും ചെയ്യുന്ന ചുറ്റുപാടില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന ആഘാതമാണ് കുട്ടികളില്‍ ഏല്‍പ്പിക്കുകയെന്ന് യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പറഞ്ഞു.