ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കൊടും ക്രിമിനലായ ദല്ലയെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയാണ് ഹർഷ്ദ്വീപ് ദല്ല.
ഖലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ ഹർഷ്ദ്വീപ് ദല്ലയെ, ഹർദീപ് സിങ് നിജ്ജറിന്റെ പിൻഗാമിയായാണ് കണക്കാക്കുന്നത്.പഞ്ചാബ് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
ഹർഷ്ദ്വീപ് കാനഡയിൽ ഭാര്യയ്ക്കൊപ്പം താമസിക്കുന്നതായാണ് വിവരം. ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒക്ടോബർ 27, 28 തീയതികളിൽ മിൽട്ടൺ ടൗണിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നത്. ഇന്ത്യൻ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.