മോചിപ്പിക്കുന്നവർ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്തണം ; വെടിനിര്‍ത്തല്‍ കരാര്‍ താല്‍ക്കാലികം : ബെഞ്ചമിന്‍ നെതന്യാഹു
ടെൽ അവീവ് : ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ താല്‍ക്കാലികമാണെന്നും ആവശ്യമെങ്കില്‍ അധിനിവേശം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും ബുധനാഴ്ച സംസാരിച്ചിരുന്നെന്നും നെതന്യാഹു പറഞ്ഞു.
മോചിപ്പിക്കുന്ന ബന്ദികള്‍ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുമ്പോട്ടു പോകാനാകില്ലെന്നും നെതന്യാഹു എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു. ഇസ്രയേല്‍ സമയം ഞായറാഴ്ച രാവിലെ 8.30നാണ് (ഇന്ത്യന്‍ സമയം ഉച്ചക്ക് 12) ബന്ദിക്കൈമാറ്റത്തിന് ധാരണയായത്. എന്നാല്‍ ആരൊക്കെയാണ് കൈമാറ്റം ചെയ്യുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസിന്റെ പക്കല്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
വേണ്ടിവന്നാല്‍ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുനരാരംഭിക്കുമെന്നും ഹമാസ് പിടികൂടിയ എല്ലാവരേയും തിരികെ രാജ്യത്തെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.