ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരണസംഖ്യ ഉയരുന്നു

ഇന്തോനേഷ്യ:  ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ റിയാവു ദ്വീപില്‍ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജന്‍സിയിലെ പ്രകൃതിദുരന്തത്തില്‍ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജന്‍സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു.

നതുനയിലെ സെരാസന്‍ ഗ്രാമത്തിലെ വീടുകള്‍ക്ക് ചുറ്റുമുള്ള കുന്നുകളില്‍ നിന്ന് വന്‍തോതില്‍ ചെളി വീണതായി ഏജന്‍സി വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ 11 മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. പ്രതികൂല കാലാവസ്ഥാ മൂലം ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിയാവു ദ്വീപിലെ മണ്ണിടിച്ചിലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളില്‍ പല വീടുകളും പൂര്‍ണമായും ചെളിയില്‍ മൂടപ്പെട്ട നിലയിലാണ്. കനത്ത മഴയും മണ്ണിടിച്ചിലും പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തിയതായും മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതായും റിയാവു ദ്വീപ് ദുരന്ത ഏജന്‍സി വക്താവ് ജുനൈന പറഞ്ഞു.