ആളില്ലാത്ത സമയം നോക്കി മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 45-കാരന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. പശുപ്പകടവ് സ്വദേശി ഹമീദിനെയാണ് കോടതി ശിക്ഷിച്ചത്.

2021-ലായിരുന്നു കേസിനാസ്പദമായ സംഭവം. മകളുടെ വിവാഹം ക്ഷണിക്കാനായി എത്തിയ സഹപാഠിയുടെ പിതാവാണ് 17കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഹമീദ് വീട്ടിലെത്തിയ സമയത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തുടർന്ന് രക്ഷിതാക്കളെത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായതായി പറഞ്ഞത്. പിന്നാലെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ വേളയിൽ വിവാഹം അടുത്ത് നിൽക്കുന്ന പെൺകുട്ടിയുടെ പിതാവാണ് താനെന്ന വാദം പ്രതി ഉന്നയിച്ചിരുന്നു. ശിക്ഷ വിധിച്ച കോടതി വിധിന്യായത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്.