ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളവരാണ്.
ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്.
കഴിഞ്ഞ 15 വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം ഇവർക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്താണ് ഇരുവരും മുന്നോട്ട് പോകുന്നത്. പൊതുവേദികളിലൊക്കെ ഇരുവരും ഒന്നിച്ചാണ് എത്താറുള്ളത്. അഭിമുഖങ്ങളിൽ രണ്ടു പേരും പരസ്‌പരം വാചാലരാകാറുണ്ട്. എന്നാൽ കുറച്ചു നാളുകളായി ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ട് എന്ന തരത്തലിലുള്ള ഗോസിപ്പുകളും ഉയർന്നു. പൊതു വേദികളിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും ചില പെരുമാറ്റങ്ങളാണ് പലപ്പോഴും ഇത്തരം ചർച്ചകൾക്ക് കാരണമായത്.
ഇപ്പോഴിതാ, ഐശ്വര്യയുടെയും അഭിഷേകിന്റെയും പുതിയൊരു വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഐശ്വര്യ ഭർത്താവ് അഭിഷേക് ബച്ചനുനേരെ കണ്ണുരുട്ടുന്നതും അനന്തരവൾ നവ്യ നവേലി നന്ദയോട് ദേഷ്യത്തിൽ സംസാരിക്കുന്നതിന്റെയും വീഡിയോയാണ് വൈറലാകുന്നത്. പ്രോ കബഡി മത്സരത്തിനിടയിലെടുത്ത വീഡിയോയാണ് ഇത്. അഭിഷേകിന്റെ ടീമായ ജയ്പൂർ പിങ്ക് പാന്തേഴ്‌സിന്റെ മത്സരങ്ങളിലൊന്ന് നടക്കുന്ന സമയത്ത് ഐശ്വര്യ അഭിഷേകിനോട് എന്തോ പറയുന്നതും നടന്റെ മറുപടിയിൽ ഐശ്വര്യ കണ്ണുരുട്ടുന്നതുമാണ് വീഡിയോയിൽ. ഇതിനു പിന്നാലെയാണ് നവ്യ ഐശ്വര്യയോട് സംസാരിക്കാൻ ശ്രമിക്കുന്നത്. പക്ഷെ ഐശ്വര്യ ദേഷ്യപ്പെടുന്നതായാണ് വീഡിയോ കാണുന്നവർക്ക് തോന്നുക. അഭിഷേകിന്റെ അടുത്ത സുഹൃത്തും നടനുമായ സിക്കന്ദർ ഖേറും വീഡിയോയിൽ ഉണ്ട്. നടി പൂജ ഹെഗ്‌ഡെ, ഐശ്വര്യ, അഭിഷേകിന്റെ മകൾ ആരാധ്യ ബച്ചൻ എന്നിവരേയും വീഡിയോയിൽ കാണാം. അതേസമയം സ്റ്റേഡിയത്തിൽ ബഹളം കൂടുതലായതിനാൽ ഒച്ചയുയർത്തി ഐശ്വര്യ സംസാരിക്കുകയായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
അടുത്തിടെ മുംബൈയിൽ നടന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ഫാഷൻ ഗാലയിൽ ഐശ്വര്യയും ആരാധ്യയും പങ്കെടുത്തപ്പോൾ അഭിഷേക് കൂടെയുണ്ടായിരുന്നില്ല. ഇതും ചർച്ചയായിരുന്നു. ഇതു കൂടാതെ അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.