ഇന്ത്യൻ മുന്നേറ്റനിരതാരം ബിദ്യാഷാഗർ സിങ് അടുത്ത സീസണിലും കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരും. കഴിഞ്ഞ സീസണിൽ ബെംഗളുരു എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴേ്സിലേക്ക് ലോണിലെത്തിയ താരത്തെ നിലനിർത്താനാണ് ക്ലബിന്റെ നീക്കം. ഇക്കാര്യത്തിൽ ബിദ്യ ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറിൽ ഒപ്പുവച്ചതായി ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു.
25-കാരനായ ബിദ്യ മണിപ്പൂർ സ്വദേശിയാണ്. 2020-21 ഐ-ലീഗിൽ ഗോൾഡൻ ബൂട്ടും ഹീറോ ഓഫ് ദ ലീഗ് പുരസ്കാരവും നേടിയാണ് ബിദ്യ ശ്രദ്ധേയനായത്. തുടർന്ന് ബെംഗളുരുവിലെത്തിയ താരം അവിടെ അവസരം പരിമിതമായതോടെയാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. സീസണിൽ ഉദ്ഘാടമത്സരത്തിൽ പകരക്കാരനായിറങ്ങി തകർപ്പൻ പ്രകടനം പുറത്തെടുത്ത ബിദ്യക്ക് എന്നാൽ ബ്ലാസ്റ്റേഴ്സിലും അവസരങ്ങൾ കുറവായിരുന്നു. സീസണിലാകെ എട്ട് മത്സരങ്ങളിലാണ് ബിദ്യ കളിച്ചത്. എങ്കിലും അടുത്ത സീസണിലും താരത്തെ ഒപ്പം നിർത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
ബിദ്യ ക്ലബിൽ തുടരുമ്പോൾ യുവതാരം ആയുഷ് അധികാരം ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് സൂചന. ജേണലിസ്റ്റ് ആശിഷ് നേഗിയാണ് ഇക്കാര്യം അറിയിച്ചത്. മിഡ്ഫീൽഡറായ ആയുഷ് 2019 മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ അവസരങ്ങൾ തീരെ കുറവാണ് ആയുഷിന് ലഭിച്ചത്. മാത്രമല്ല ചില മത്സരങ്ങളിൽ റൈറ്റ് ബാക്ക് റോളിലാണ് പരിശീലകൻ ആയുഷിനെ കളിപ്പിച്ചത്.