മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കായ ശങ്കർ റാവു പൂജാരി നൂതൻ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് റിസർവ് ബാങ്കിന്റെ നടപടി. കൂടാതെ, നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നിക്ഷേപകർക്ക് പണം പൂർണമായി നൽകാനുള്ള പ്രാപ്തി ബാങ്കിന് ഇല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ പ്രസ്താവന അനുസരിച്ച്, ലൈസൻസ് റദ്ദ് ചെയ്യുകയും, ബാങ്കിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് സമർപ്പിച്ച ഡാറ്റകൾ അനുസരിച്ച്, ബാങ്കിലെ 99.85 ശതമാനം നിക്ഷേപകർക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും, ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനിൽ നിന്ന് സ്വീകരിക്കാനുള്ള അർഹതയുണ്ട്. ഒരോ നിക്ഷേപകനും, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഡിഐസിജിയിൽ നിന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കുക. നിലവിൽ, ബാങ്കിന്റെ പ്രവർത്തനം നിയമപരമായി അവസാനിപ്പിക്കുന്നതിനും, ബാങ്കിനായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ഉത്തരവിടാൻ മഹാരാഷ്ട്രയിലെ സഹകരണ, രജിസ്ട്രാർ സഹകരണ സംഘങ്ങൾക്കുള്ള കമ്മീഷണർക്ക് ആർബിഐ നിർദ്ദേശം നൽകി.