സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,675 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ, ഡിസംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 21.45 ഡോളർ താഴ്ന്ന് 1985.80 ഡോളർ എന്നതാണ് നിലവാരം. സ്വർണവിലയിലെ നിർണായക നിലവാരമായ 2000 ഡോളറിനു താഴേക്കാണ് വില എത്തി നിൽക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഒരു പവൻ സ്വർണത്തിന് 1680 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ 4ാം തീയതി തിങ്കളാഴ്ച്ച സ്വർണവില സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു വില നിലവാരം.