മംഗളൂരു: മംഗളൂരു മുതൽ ഗോവയിലെ മഡ്ഗാവ് വരെ സർവീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് അയോധ്യയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓൺലൈനായി ഉദ്ഘാടന കർമ്മം നിർവഹിക്കുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗോവ മുതൽ മംഗളൂരു വരെ ഇന്ന് പ്രത്യേക സർവീസ് ഉണ്ടായിരിക്കുന്നതാണ്. മംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന ആദ്യ വന്ദേ ഭാരത് കൂടിയാണിത്. യാത്രക്കാരുടെ ദീർഘനാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ഈ റൂട്ടിൽ വന്ദേ ഭാരത് എത്തുന്നത്. ഇന്ന് കോയമ്പത്തൂർ-ബംഗളൂരു വന്ദേ ഭാരതിന്റെ ഉദ്ഘാടനം കൂടി പ്രധാനമന്ത്രി നിർവഹിക്കും.
മംഗളൂരു-ഗോവ റൂട്ടിലെ റെഗുലർ സർവീസ് നാളെ മുതലാണ് ആരംഭിക്കുക. മംഗളൂരു സ്റ്റേഷനിൽ നിന്ന് രാവിലെ 8:30-ന് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇവ ഉച്ചയ്ക്ക് 1:15 ഓടെ ഗോവയിൽ എത്തിച്ചേരും. തിരിച്ചുള്ള യാത്ര ഗോവയിൽ നിന്ന് വൈകിട്ട് 6:10-ന് ആരംഭിച്ച്, രാത്രി 10:45-ന് മംഗളൂരു സ്റ്റേഷനിൽ എത്തിച്ചേരും. ഉടുപ്പി, കർവാർ തുടങ്ങിയ പ്രധാന ഇടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഗോവയിലേക്കും, മൂകാംബികയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന സർവീസ് കൂടിയാണിത്.