കുടുംബത്തെ കൂടി കൊണ്ടുവരാനുള്ള പ്രവാസികളുടെ മോഹങ്ങൾക്ക് പൂട്ടിട്ട് കുവൈറ്റ് ഭരണകൂടം. നിലവിലെ ഫാമിലി വിസയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കുവൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിയമപ്രകാരം, ജീവിത പങ്കാളി, 14 വയസ്സിന് താഴെയുള്ള മക്കൾ എന്നിവർക്ക് മാത്രമേ ഫാമിലി വിസയിൽ കുവൈത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതോടെ, ഫാമിലി വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാൻ സാധിക്കുകയില്ല. പുതിയ വിസ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടി നൽകുന്നതാണ് പുതിയ ഭേദഗതി.
പുതിയ നിയമം പ്രാബല്യത്തിലായ ആദ്യദിനം തന്നെ 1165 അപേക്ഷകളാണ് അധികൃതർ തള്ളിയത്. ഇതിൽ ഭൂരിഭാഗവും മാതാപിതാക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയിൽ വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും, ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്ക് മാത്രമേ ഫാമിലി വിസ നൽകേണ്ടതുള്ളൂ എന്ന തീരുമാനവും കുവൈറ്റ് ഭരണകൂടം എടുത്തിട്ടുണ്ട്.