18 വയസ് മുതൽ പ്രായമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം: പുതിയ നീക്കവുമായി ഈ രാജ്യം
യങ്കോൺ: യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കാനൊരുങ്ങി മ്യാന്മാർ. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള മുഴുവൻ പുരുഷന്മാരും, 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളും സൈനിക സേവനം അനുഷ്ഠിക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞത് രണ്ട് വർഷമാണ് സൈനിക സേവനം ഉണ്ടായിരിക്കുക. അതേസമയം, ഡോക്ടർ ഉൾപ്പെടെയുള്ള വിദഗ്ധർ 45 വയസിനിടെ 3 വർഷം നിർബന്ധമായും സൈന്യത്തിൽ പ്രവർത്തിക്കണം. നിയമം നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, അറിയിപ്പ്, ഉത്തരവ് എന്നിവ ഉടൻ പുറത്തുവിടുമെന്ന് മ്യാന്മാർ സൈന്യം അറിയിച്ചു.
പീപ്പിൾസ് മിലിറ്ററി സർവീസ് ലോ എന്നറിയപ്പെടുന്ന ഈ നിയമം 2010-ലാണ് മ്യാൻമർ ഭരണകൂടം ആദ്യമായി മുന്നോട്ടുവെച്ചത്. എന്നാൽ, ഈ നിയമം ഇതുവരെ നടപ്പാക്കിയിരുന്നില്ല. പീപ്പിൾസ് മിലിറ്ററി സർവീസ് ലോ പ്രകാരം, അടിയന്തരാവസ്ഥ പോലുള്ള ഘട്ടങ്ങളിൽ സൈനിക സേവനം 5 വർഷം വരെ നീട്ടാനുള്ള സാധ്യതയുണ്ട്. കൂടാതെ, നിയമലംഘനം നടത്തുന്നവർക്ക് അഞ്ച് വർഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. അതേസമയം, അധികാര ദുർവിനിയോഗവും മനുഷ്യാവകാശ ലംഘനവും പ്രകടമാകുന്ന സൈന്യത്തിന്റെ ഈ നീക്കങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നിരിക്കുന്നത്. പട്ടാള ഭരണകൂടത്തിനെതിരെ സായുധ ഗ്രൂപ്പുകളുടെ പ്രക്ഷോഭവും രാജ്യത്ത് ശക്തമാണ്.