അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു



ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ അച്ഛനെ മകന്‍ കുത്തിക്കൊന്നു. മകൻ മെൽവിൻ തോമസ് (32) പിതാവായ മാനുവൽ തോമസിനെ (61) കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മെൽവിൻ പൊലീസിൽ കുറ്റസമ്മതം നടത്തി കീഴടങ്ങുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലാണ് മെൽവിൻ.

മാനുവലിന്റെ ഭാര്യ ലിസ 2021ല്‍ മരിച്ചിരുന്നു. ഫെബ്രുവരി 14നാണ് മെല്‍വിന്‍ കൊല നടത്തിയത്. പിതാവിനെ കൊല ചെയ്ത ശേഷം ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിന്‍ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് മാനുവലിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റ് മക്കള്‍: ലെവിന്‍, ആഷ്‌ലി.

അതേസമയം, അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞ ദിവസം മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെൻ്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.

ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവർ ഡോസ് നൽകിയോ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു.