29 ദിവസത്തെ നോമ്പ് പൂർത്തിയാക്കി വിശ്വാസി സമൂഹം ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു


കോഴിക്കോട്: കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. 29 ദിവസത്തെ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസി സമൂഹം ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.

ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ.പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാൻ വ്രതം നമ്മെ ഓർമിപ്പിക്കുന്നു. പുത്തൻ ഉടുപ്പണിഞ്ഞു മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി,കൈത്താളമിട്ടുള്ള പാട്ടുകൾ വ്രതപുണ്യത്തിൻറെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാൾ ദിനം.

പെരുന്നാൾ ദിനത്തിലെ മറ്റൊരാകർഷണം പെരുന്നാൾ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളിൽ നിന്നാണ് ഐശ്വര്യത്തിൻറെ പെരുന്നാൾ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാൾ ദിനത്തിന് സവിശേഷത. ചെറിയ പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാൽ ഫിത്തർ സക്കാത്തും നൽകുന്നു.

ഭക്തർ പുതിയ വസ്ത്രം ധരിച്ച് ”ഈദ് മുബാറക്” എന്ന് പറഞ്ഞ് ആശംസകൾ കൈമാറുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

സക്കാത്ത് നൽകുകയും പാവപ്പെട്ടവർക്ക് അന്നദാനം നടത്തുകയും ചെയ്യുന്നുണ്ട് ഈ പുണ്യ ദിനത്തിൽ. ഇതോടൊപ്പം വൈവിധ്യമാർന്ന ഭക്ഷണം തയ്യാറാക്കി കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒപ്പം സന്തോഷത്തോടെ കഴിക്കുന്നു. ഇസ്ലാമിന്റെ അഞ്ച് തൂണുകളിലൊന്നായ സകാത്ത് അല്ലെങ്കിൽ ദരിദ്രർക്ക് ദാനധർമ്മം നൽകുന്നത് തന്നെയാണ് ചടങ്ങിൽ പ്രധാനപ്പെട്ടത്.

വിശുദ്ധ റമദാൻ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ വെളിപ്പെടുത്തൽ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാൻ മാസത്തിൽ പ്രഭാതം മുതൽ സന്ധ്യ വരെയുള്ള ഉപവാസത്തിന്റെ അവസാനവും ഷവ്വാൽ മാസത്തിന്റെ തുടക്കവും ആണ് ഈദ് അൽ ഫിത്തറിലൂടെ അടയാളപ്പെടുത്തുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഉപവാസ ചടങ്ങുകളിൽ ശക്തിയും സഹിഷ്ണുതയും നൽകിയതിന് അല്ലാഹുവിനെ ബഹുമാനിക്കുന്നതിനായി ഈദ് അൽ ഫിത്തർ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നു.

ഈദ് അല്ലെങ്കിൽ ഈദ് ഉൽ-ഫിത്തർ വിശുദ്ധ റമദാൻ മാസത്തിന്റെ അവസാനത്തെ ദിനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് ഉപവാസം, ദയ, സൽകർമ്മങ്ങൾ എന്നിവയുടെ കാലഘട്ടമാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ കാലാവധി അവസാനിപ്പിക്കുന്നതിനുള്ള ഒരു വിരുന്നോടെ ആരംഭിക്കുന്ന ഷവ്വാൽ മാസത്തിന്റെ തുടക്കവും ഈദിലൂടെയാണ്. എന്നിരുന്നാലും, ചില മുസ്ലിംമത വിശ്വാസികൾ ഷവ്വാൽ മാസത്തിലും (ഈദിന് തൊട്ടടുത്ത ദിവസം) ആറ് ദിവസത്തെ ഉപവാസം ആചരിക്കുന്നു, കാരണം ഈ കാലയളവ് വർഷം മുഴുവനും ഉപവാസത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു.

ഇസ്ലാമിൽ സൽപ്രവൃത്തികൾക്ക് 10 തവണ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് വിശ്വാസം. അതിനാൽ റമദാനിലെ നോമ്പുകാലം തന്നെ തന്നെ നാഥന് സ്വയം സമർപ്പിക്കുന്നതിലൂടെ ലോകത്ത് സമാധാനവും ഐക്യവും നിലനിൽക്കുന്നു എന്നാണ് വിശ്വാസം.