കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പി.വി.ആർ. സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് തിരുമാനം. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം , ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളൊന്നും പിവിആറില്‍ പ്രദര്ശിപ്പിച്ചിരുന്നില്ല. മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടം നികത്താതെ ഇനി മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഫെഫ്ക ഉറപ്പിച്ചു പറഞ്ഞു. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ആണ് പിവിആര്‍ ഏപ്രില്‍ 11ന് ബഹിഷ്‌കരിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11ന് റിലീസ് ചെയ്ത ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ് എന്നീ മൂന്ന് സിനിമകളുടെയും പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്.