സാഹസിക റീൽസ് എടുക്കാൻ പ്രേതബാധയുള്ള വീട് തേടി നടന്നു: 22 കാരിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ പള്ളിയിൽ കണ്ടെത്തി


റീലുകൾക്ക് വേണ്ടി ഇന്ന് എന്ത് സാഹസികത കാണിക്കാനും യുവ തലമുറ റെഡിയാണ്. വീഡിയോയ്ക്ക് റിച്ച് കിട്ടി വൈറൽ താരമകാനാണ് ഈ പെടാപാട്. ഇതുപോലെ വൈറലാവാൻ പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കുന്ന വീടുകൾ കണ്ടെത്തി വീഡിയോ ചിത്രീകരിക്കാൻ പോയ ഇരുപത്തിരണ്ടുകാരിയെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറ്റലിയിലാണ് സംഭവം.

ഓസ്റ്റ താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ നിന്നാണ് വാരാന്ത്യത്തിൽ രക്തം വറ്റിയ നിലയിൽ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അവൾ താൻ താമസിക്കുന്ന ലിയോണിനടുത്തുള്ള ഗ്രാമം വിടുന്നതിന് മുമ്പ് തന്നെ തൻ്റെ പദ്ധതികളെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു എന്നും പൊലീസ് പറയുന്നു.

മരിച്ച യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാൻ ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഫ്രാൻസിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ​ഗോസ്റ്റ് ഹണ്ടിം​ഗ് (പ്രേതവേട്ട) -യുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഒന്നുകിൽ ഇത് യുവതിയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള കൊലപാതകമാകാം. നരഹത്യ ആയിരിക്കാം. അതുമല്ലെങ്കിൽ ഒരു പ്രാങ്കിന് വേണ്ടി ചെയ്ത് ഇങ്ങനെ ആയിത്തീർന്നതായിരിക്കാം എന്നെല്ലാമുള്ള ഊഹാപോഹങ്ങളുണ്ട്.

യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതുപോലെ, ഇവിടെ നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ വെടിയേറ്റിട്ടുമുണ്ട്. എന്നാൽ, ഒരുതരത്തിലുള്ള സംഘർഷങ്ങളും നടന്നതിന് തെളിവുകളില്ല. മരണശേഷമായിരിക്കും മുറിവേൽപ്പിച്ചത് എന്നും സംശയിക്കുന്നു.

യുവതിയുടെ മൃതദേഹത്തിനരികിൽ നിന്നും എന്തെങ്കിലും രേഖകളോ സെൽഫോണോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നും പൊലീസ് പറയുന്നു.