26 കിലോ സ്വര്‍ണം മോഷ്ടിച്ചതില്‍ പങ്കില്ല; വീഡിയോ സന്ദേശവുമായി ഒളിവില്‍ പോയ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖ മാനേജര്‍


കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും 26 കിലോ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ വീഡിയോ സന്ദേശവുമായി പൊലീസ് തിരയുന്ന പ്രതി. മുന്‍ മാനേജര്‍ മധ ജയകുമാറാണ് താന്‍ നിരപരാധിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ്, വീഡിയോ സന്ദേശവുമായി പ്രതി മധ ജയകുമാര്‍ രംഗത്തെത്തിയത്. താന്‍ നിരപരാധി ആണെന്നും അസുഖം ആയതിനാലാണ് വടകരയില്‍ നിന്ന് മാറി നിന്നതെന്നും പ്രതി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

തമിഴ്‌നാടു മേട്ടുപ്പാളയം സ്വദേശിയായ മുന്‍ മാനേജര്‍ മധ ജയകുമാര്‍ കഴിഞ്ഞമാസം സ്ഥലം മാറിപ്പോയിരുന്നു. പകരം എത്തിയ മാനേജരാണ് തട്ടിപ്പ് കണ്ടെത്തിയതും പൊലീസില്‍ പരാതി നല്‍കിയതും. 26 കിലോ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ച്, 17 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.