വിജയ്‌യുടെ തഞ്ചാവൂര്‍ റാലിയില്‍ അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; റിപ്പോര്‍ട്ട്
തഞ്ചാവൂര്‍: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തഞ്ചാവൂരില്‍ ടി.വി.കെ നേതാവും നടനുമായ വിജയ് നടത്തിയ റാലിയില്‍ അപകടം.
തിരിച്ചിറപ്പള്ളി തഞ്ചാവൂരിനടുത്ത് തെന്നിപ്പെട്ടി എന്ന സ്ഥലത്ത് വെച്ചാണ് വിജയ്‌യുടെ വാഹനത്തെ പിന്തുടര്‍ന്നവര്‍ അപകടത്തില്‍പ്പെട്ടത്. രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റതായതാണ് വിവരം.
വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്‌നേഷ് എന്ന യുവാവിനാണ് സാരമായി പരിക്കേറ്റത്. ബൈക്കില്‍ നിന്നും തലയിടിച്ച് വീണാണ് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ബൈക്കില്‍ നിന്നും വീണ് ഹിലാല്‍ എന്ന യുവാവിന്റെ കാലൊടിഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കരൂരിലെ റാലിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് വിജയ് നടത്തുന്ന പൊതുപരിപാടികളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
എന്നാല്‍, വിജയ്‌യുടെ വാഹനത്തെ പിന്തുടരുതെന്ന സുരക്ഷാ നിര്‍ദേശത്തെ തള്ളി ഇരുചക്രവാഹനങ്ങളില്‍ നൂറുകണക്കിന് യുവാക്കള്‍ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നിരുന്നു. പൊലീസിനും നിയന്ത്രിക്കാന്‍ സാധിക്കാത്ത തിരക്ക് സംഭവിച്ചതോടെയാണ് അപകടമുണ്ടായതെന്ന് പുറത്തെത്തിയ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
കരൂരില്‍ സെപ്റ്റംബര്‍ 27ന് നടന്ന ടി.വി.കെയുടെ ഒരു രാഷ്ട്രീയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Accident at Vijay’s Thanjavur rally; One person seriously injured; report




