India
ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ് നാളെയും അതങ്ങനെത്തന്നെയായിരിക്കും; ഡി.എം.കെ വിടില്ലെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
ചെന്നൈ: സർക്കാർ രൂപീകരിക്കാൻ തമിഴ്നാട്ടിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും സമീപിച്ചിരിക്കുകയാണ് വിജയ്‌യുടെ ടി.വി.കെ. അത്യപൂർവ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നതോടെയാണ് വിജയും സംഘവും പിന്തുണതേടിയിറങ്ങിയത്.
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ടി.വി.കെയ്ക്ക് സർക്കാർ രൂപീകരിക്കാനാകും എന്ന് ഏറെക്കുറെ ഉറപ്പായി. എ.ഐ.എ.ഡി.എം.കെയും പുറത്തുനിന്ന് പിന്തുണക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
കോൺഗ്രസ് ഡി.എം.കെ സഖ്യം വിട്ടതോടെ പ്രതിപക്ഷനിര ദുർബലമാകുകയാണ്. ഈ ഘട്ടത്തിലാണ് മുന്നണിവിടില്ലെന്നുള്ള മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനം.
‘ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും’ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ലീഗിന് രണ്ട് സീറ്റിലാണ് വിജയിക്കാനായത്. സർക്കാർ രൂപീകരിക്കാൻ നെട്ടോട്ടമോടുന്ന ടി.വി.കയ്ക് ഈ സീറ്റുകൾ ഏറെ നിർണായകമാണ്.
ഡി.എം.കെയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം തെരഞ്ഞെടുപ്പ് കാലത്തെ മാത്രം ബന്ധമല്ലെന്നും അത് നയപരമായ ബന്ധമാണെന്നുമായിരുന്നു ലീഗ് നേതാവിന്റെ പ്രതികരണം. ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം സ്വീകരിക്കുന്ന ഏത് തീരുമാനവും ലീഗ് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്നലെ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം തങ്ങളുടെ അഞ്ച് എം.എൽ.എ മാരും ടി.വി.കെയെ പിന്തുണക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
എന്നാൽ കോൺഗ്രസ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഇന്ത്യ മുന്നണിയിൽ നിന്നും പിൻവാങ്ങുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്.
108 സീറ്റുകളുമായി തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയെങ്കിലും ടി.വി.കെയ്ക് കേവല ഭൂരിപക്ഷത്തിലെത്താൻ 10 സീറ്റുകളുടെ കുറവുണ്ട്. കോൺഗ്രസിനും, എ.ഐ.എ.ഡി.എം.കെയ്ക്കും പുറമെ സി.പി.ഐ.എം, സി.പി.ഐ തുടങ്ങിയവരുടെയും പിന്തുണ വിജയ് തേടിയിരുന്നു.
Content Highlight: Yesterday, today and tomorrow we are with Stalin; Muslim League declares that it will not leave DMK
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




