15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

വനിതാ സംവരണം 2029ല്‍ ജയിക്കാനുള്ള ബി.ജെ.പി തന്ത്രം, മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഉത്തരേന്ത്യന്‍ പക്ഷപാതം- കപില്‍ സിബല്‍

Date:



national news


വനിതാ സംവരണം 2029ല്‍ ജയിക്കാനുള്ള ബി.ജെ.പി തന്ത്രം, മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഉത്തരേന്ത്യന്‍ പക്ഷപാതം: കപില്‍ സിബല്‍

ന്യൂദല്‍ഹി: വനിതാ സംവരണ നിയമത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത് 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന വിമര്‍ശനവുമായി രാജ്യസഭാ എം.പി കപില്‍ സിബല്‍.

മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതിലൂടെ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍.

ലോക്സഭാ സീറ്റുകള്‍ ഓരോ സംസ്ഥാനത്തും 50 ശതമാനം വീതം വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് സിബല്‍ ആരോപിച്ചു. ഇതുപ്രകാരം മിക്ക സംസ്ഥാനങ്ങളിലും വര്‍ധിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും കാര്യമായ വ്യത്യാസമുണ്ടാകും.

ഉത്തര്‍പ്രദേശിലെ സീറ്റുകള്‍ 80ല്‍ നിന്ന് 120 ആയി ഉയരുമ്പോള്‍, തമിഴ്നാട്ടിലെ സീറ്റുകള്‍ 39ല്‍ നിന്ന് 59 ആയി മാത്രമേ വര്‍ധിക്കുകയുള്ളൂ. നിലവില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ 41 സീറ്റുകളുടെ വ്യത്യാസമെന്നത് ഇതോടെ 61 ആയി മാറും.

ഉത്തരേന്ത്യന്‍ മേഖലയില്‍ ബി.ജെ.പിക്കുള്ള സ്വാധീനം ഈ സീറ്റ് വര്‍ധനവിലൂടെ വലിയ രാഷ്ട്രീയ നേട്ടമായി മാറുമെന്ന് കപില്‍ സിബല്‍ അവകാശപ്പെട്ടു

സര്‍ക്കാരിന് വനിതാ സംവരണത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, മണ്ഡല പുനര്‍നിര്‍ണയത്തിനായി കാത്തുനില്‍ക്കാതെ നിലവിലുള്ള 543 ലോക്സഭാ സീറ്റുകളില്‍ തന്നെ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി ബില്ല് കൊണ്ടുവരണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭം നോക്കാതെ ബി.ജെ.പി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പരിഹസിച്ചു.

‘ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യം ഇല്ലാതെ ഒന്നും ചെയ്യില്ല. അത് രാഷ്ട്രീയമായി അവര്‍ക്ക് ഗുണകരമാകുന്നത് വരെ ഒരു ബില്‍ കൊണ്ടുവരുകയില്ല. 106ാമത് ഭരണഘടനാ ഭേദഗതി ബില്‍ വഴി 334-എ എന്ന വകുപ്പ് ചേര്‍ത്തിട്ടുണ്ട്, അതില്‍ വനിതാ സംവരണം 2026-ന് ശേഷം സെന്‍സസ് നടത്തി മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയതിന് ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പറയുന്നു.

ഇപ്പോള്‍ അവര്‍ അതില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്താണ് മാറ്റം എന്ന് അവര്‍ വ്യക്തമാക്കുന്നില്ല. 2023ല്‍ അവര്‍ പറഞ്ഞത് സെന്‍സസ് കഴിഞ്ഞ് ഇത് നടപ്പാക്കുമെന്ന് ആയിരുന്നു. ഇപ്പോള്‍ അവര്‍ അതില്‍ മാറ്റം വേണമെന്ന് പറയുന്നു,’ അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതിനെയും സിബല്‍ ചോദ്യം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തടസ്സപ്പെടുത്താനാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

മണ്ഡല പുനര്‍നിര്‍ണയ കമ്മീഷനെ ബി.ജെ.പി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കും. ജമ്മു കശ്മീരിലും അസമിലും സംഭവിച്ചത് ഇതുതന്നെയാണ്. ബി.ജെ.പിക്ക് ഗുണകരമായ രീതിയില്‍ മണ്ഡലങ്ങള്‍ നിശ്ചയിക്കാന്‍ ഈ അധികാരം അവര്‍ ഉപയോഗിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ നശിപ്പിക്കുന്നതും രാഷ്ട്രീയ പ്രേരിതവുമായ ഈ നീക്കത്തെ പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം എതിര്‍ക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും അതിന് വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍സസ് വിവരങ്ങള്‍ 2027ല്‍ മാത്രമേ ലഭ്യമാകൂ എന്നിരിക്കെ, ഇപ്പോഴത്തെ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

Content Highlight: Kapil Sibal says women’s quota law tied to delimitation to benefit BJP in 2029




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related