31
May, 2026

A News 365Times Venture

31
Sunday
May, 2026

A News 365Times Venture

ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ്; പഞ്ചാബില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി, സെമി ഫൈനല്‍ വിജയിച്ച് ആം ആദ്മി

Date:



national news


ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ്; പഞ്ചാബില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി, സെമി ഫൈനല്‍ വിജയിച്ച് ആം ആദ്മി

ചണ്ഡീഗഡ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്ന പഞ്ചാബ് നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് (എ.എ.പി) വന്‍ മുന്നേറ്റം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടം എ.എ.പിക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്.

രാഘവ് ഛദ്ദയും ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും ഉള്‍പ്പെടെ ആറ് രാജ്യസഭാംഗങ്ങള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇത് എ.എ.പിക്ക് ഏറെ നിര്‍ണായകമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് വലിയ തിരിച്ചടിയേറ്റുവാങ്ങി.

ആകെ വോട്ടെടുപ്പ് നടന്ന 1,977 നഗരസഭാ വാര്‍ഡുകളില്‍ 958 ഇടത്തും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 397 വാര്‍ഡുകളിലൊതുങ്ങി.

251 വാര്‍ഡുകളില്‍ സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ശിരോമണി അകാലി ദള്‍ 192 ഇടത്തും വിജയം നേടി. ബി.ജെ.പി 172 വാര്‍ഡുകളിലൊതുങ്ങി. മായാവതിയുടെ ബി.എസ്.പി ഏഴ് വാര്‍ഡുകളിലും വിജയിച്ചു.

തെരഞ്ഞെടുപ്പ് നടന്ന 75 കൗണ്‍സിലുകളില്‍ 40 എണ്ണവും എ.എ.പി നേടി. കോണ്‍ഗ്രസ് 18 എണ്ണത്തിലും അകാലി ദള്‍ 10 എണ്ണത്തിലും ജയിച്ചപ്പോള്‍ ബി.ജെ.പിക്ക് വെറും നാല് കൗണ്‍സിലുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

20 മുനിസിപ്പല്‍ കമ്മിറ്റികളില്‍ 11 എണ്ണം എ.എ.പി പിടിച്ചെടുത്തു. കോണ്‍ഗ്രസ് അഞ്ചിലും അകാലി ദള്‍ രണ്ടിലും വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്

എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും എ.എ.പി അധികാരമുറപ്പിച്ചു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഓരോ കോര്‍പ്പറേഷന്‍ വീതം ലഭിച്ചു.

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലെ ഈ വിജയം ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 63.94 ശതമാനമായിരുന്നു ആകെ പോളിങ്. 102 നഗരസഭകളിലായി നടന്ന വോട്ടെടുപ്പില്‍ 22 ലക്ഷത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റായ്‌കോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഗ്‌ദേവ് സിങ് ജഗ്ഗയ്ക്ക് നേരെ ആക്രമണമുണ്ടായി. മുക്ത്‌സര്‍, പട്യാല, അമൃത്‌സര്‍ എന്നിവിടങ്ങളിലും പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നു.

ബാലറ്റ് വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടതായി മൊഹാലിയില്‍ ആരോപണമുയര്‍ന്നു. ബാലറ്റ് പേപ്പറുകളിലും കൗണ്ടര്‍ ഫോയിലുകളിലും ഒരേ സീരിയല്‍ നമ്പര്‍ നല്‍കിയത് വോട്ടര്‍മാരെ തിരിച്ചറിയാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഡെപ്യൂട്ടി മേയര്‍ കുല്‍ജീത് സിങ് ബേദി പുനര്‍വോട്ടെടുപ്പ് ആവശ്യപ്പെട്ടു.

ഭരണകക്ഷി ഭീഷണിയും സമ്മര്‍ദ്ദവും ഉപയോഗിച്ചാണ് വിജയിച്ചതെന്ന് അമരീന്ദര്‍ സിങ് രാജ വാറിങ് (കോണ്‍ഗ്രസ്), ബിക്രം മജീഥിയ (അകാലി ദള്‍) എന്നിവര്‍ ആരോപിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുകയായിരുന്നു.

 

Content Highlight: AAP made a huge breakthrough in the Punjab municipal elections, where voting was conducted on ballot papers

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related