ജഡ്ജി പദവി ജീവിതകാലം മുഴുവനായുളള ഉത്തരവാദിത്തം; ആരും വിരമിക്കുന്നില്ല: ചീഫ് ജസ്റ്റിസ്
ജയ്പൂര്‍: ജഡ്ജിയാവുകയെന്നത് വെറുമൊരു ജോലിയല്ലെന്നും ജീവീതകാലം മുഴുവനുമുളള ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
ജഡ്ജിയെന്ന റോളില്‍ നിന്ന് ഒരിക്കലും വിരമിക്കുന്നില്ലെന്നും സൂര്യകാന്ത് പറഞ്ഞു.
ജയ്പൂരില്‍ രാജസ്ഥാന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച ‘ദ ബെഞ്ച് ബിയോണ്ട് റിട്ടയര്‍മെന്റ്’ എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരമിച്ച ജഡ്ജിമാര്‍ പുരാതനമായ പടവുകിണറുകള്‍ പോലെയാണെന്നും പ്രയാസകരമായ സമയത്ത് സമൂഹത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ജ്ഞാനത്തിന്റെയും അനുഭവ സമ്പത്തിന്റെയും കലവറയാണ് അവരെന്നും സൂര്യകാന്ത് പറഞ്ഞു.
നീതിന്യായ വ്യവസ്ഥ ഒരു പ്രതിസന്ധിയോ സങ്കീര്‍ണമായ തര്‍ക്കങ്ങളോ നേരിടുമ്പോഴെല്ലാം മുന്‍ ജഡ്ജിമാരുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വിവേകമുള്ള ജുഡീഷ്യറി ഇത്തരം അനുഭവങ്ങളെ ദൂരെ നിന്ന് ബഹുമാനിക്കുക മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ അവരില്‍ നിന്ന് കരുത്ത് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
ദുഷ്യന്ത് കുമാറിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, ജഡ്ജിമാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ആഴത്തില്‍ ഉള്‍ക്കൊള്ളുകയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഭരണഘടനയുടെയും നിയമത്തിന്റെയും സംരക്ഷകരാണ് ജഡ്ജിമാരെന്നും നീതി തേടുന്നവര്‍ക്ക് ഒരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Judgeship is a lifelong responsibility; no one retires: Chief Justice




