India
ഇന്ത്യയുടെ ഊര്‍ജ്ജ നയം എന്താണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ട; അമേരിക്കന്‍ കമ്പനികളെ ബഹിഷ്കരിക്കണമന്ന് ആര്.എസ്.എസ് വിഭാഗം
ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ചുമത്തുന്ന അധിക തീരുവയ്ക്കെതിരെ കടുത്ത നിലപാടുമായി ആര്.എസ്.എസ് സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം). അമേരിക്കന്‍ കമ്പനികളെ ബഹിഷ്കരിക്കണമെന്നും യു.എസ് ടെക്, സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഏകപക്ഷീയമായ നിരോധനം ഏര്‍പ്പെടുത്താനും സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എസിലേക്കും കാനഡയിലേക്കും സന്ദര്‍ശനം നടത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് എസ്.ജെ.എമ്മിന്റെ പ്രസ്താവന വന്നത്.
അമേരിക്കന്‍ സെനറ്റ് 86-11 വോട്ടിന് ബില്‍ പാസാക്കിയതോടെയാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ തീരുവ ചുമത്താനുള്ള തീരുമാനമായത്. ഈ ബില്‍ ലക്ഷ്യമിടുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ, വാതകം തുടങ്ങിയവ വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്കുന്ന ചില ഇളവുകള്‍ ഇന്ത്യയ്ക്കുമുണ്ട്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ഊര്‍ജസുരക്ഷ, വില, ലഭ്യത, വിതരണ സ്രോതസ് തുടങ്ങി ഇന്ത്യന്‍ ജനങ്ങളുടെ താത്പര്യമാണെന്ന് എസ്.ജെ.എം ദേശീയ സഹ കണ്‍വീനര്‍ അശ്വനി മഹാജന് പറഞ്ഞു.
‘റഷ്യയുമായി അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ സ്വന്തം വിദേശനയം പിന്തുടരാന് അമേരിക്കയ്ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഇന്ത്യ പോലുള്ള പരമാധികാര രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക സമ്മര്‍ദം ചെലുത്താന്‍ പാടില്ല. തീരുവകള്‍ ഭൗമരാഷ്ട്രീയ സമ്മര്‍ദത്തിനുള്ള ഉപകരണമാകരുത്.,’മഹാജന് കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്രവും നീതിയുക്തവുമായ അന്താരാഷ്ട്ര വ്യാപാര തത്വങ്ങള്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകരുതെന്നും മഹാജന് പറഞ്ഞു.
റഷ്യയുടെ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഉപദേശ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യയെ വിമര്‍ശിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlights: Others should not decide India’s energy policy; RSS faction calls for boycotting American companies
അഞ്ജു ചന്ദ്രന്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




