12
August, 2026

A News 365Times Venture

12
Wednesday
August, 2026

A News 365Times Venture

പുതിയ പാര്‍ലമെന്റ് പണിതിട്ടും തകര്‍ന്നടിയുന്ന ഗ്രാമീണ വിദ്യാലയങ്ങള്‍; വിദ്യാഭ്യാസ വിപ്ലവത്തിന് സി.ജെ.പി

Date:



national news


പുതിയ പാര്‍ലമെന്റ് പണിതിട്ടും തകര്‍ന്നടിയുന്ന ഗ്രാമീണ വിദ്യാലയങ്ങള്‍; വിദ്യാഭ്യാസ വിപ്ലവത്തിന് സി.ജെ.പി

ന്യൂദല്‍ഹി: ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജിത് ദീപകെ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുന്നു.

ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഈ പ്രചാരണം ഔദ്യോഗികമായി ആരംഭിക്കും. നഗരവികസനവും ഗ്രാമീണ സ്‌കൂളുകളുടെ അവസ്ഥയും തമ്മിലുള്ള വലിയ അന്തരത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ ക്യാമ്പെയ്ന്‍.

കഴിഞ്ഞ 80 വര്‍ഷമായി ഗ്രാമങ്ങളിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ കടുത്ത അവഗണന നേരിടുകയാണെന്ന് ദീപ്‌കെ ആരോപിച്ചു.

‘നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും നിര്‍മിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മിക്കാന്‍ കഴിയാത്തത്?’ അദ്ദേഹം ചോദിച്ചു.

ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് കുടിവെള്ളമോ ശൗചാലയമോ ലഭ്യമല്ലെന്നും, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ദുരിതം ഏറെ അനുഭവിക്കുന്നത് പെണ്‍കുട്ടികളാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഗ്രാമത്തലവന്മാരെ (സര്‍പഞ്ചുമാരെ) സ്‌കൂള്‍ വികസനത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാഗമാക്കാനും മത്സരബുദ്ധിയോടെ പ്രവര്‍ത്തിപ്പിക്കാനുമായി ‘സര്‍പഞ്ച് ചലഞ്ച്’ എന്ന പദ്ധതിയും സി.ജെ.പി അവതരിപ്പിച്ചു.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഗ്രാമത്തലവന്മാരുടെ പ്രവര്‍ത്തനങ്ങള്‍ (സ്‌കൂളുകളുടെ വികസനത്തിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍) സി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുകയും ചെയ്യും.

മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള തന്റെ സ്വന്തം ഗ്രാമത്തിലെ ഗ്രാമത്തലവനെ നേരിട്ടുകണ്ട് സ്‌കൂള്‍ വികസിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ദീപകെ തന്നെ ഈ പദ്ധതിക്ക് തുടക്കം കുറിക്കും.

മാതാപിതാക്കള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങള്‍, ഉച്ചഭക്ഷണ പരിപാടി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് പരിശോധിക്കണം. സൗകര്യങ്ങള്‍ ഇല്ലാത്ത പക്ഷം അതിന്റെ വീഡിയോകള്‍ ചിത്രീകരിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ദല്‍ഹി ജന്തര്‍ മന്തറില്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങളിലൂടെയാണ് രാജ്യശ്രദ്ധ നേടിയത്. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ പോരാട്ടത്തിന് മുമ്പില്‍ കേന്ദ്രത്തിന് അടിയറവ് പറയേണ്ടി വരികയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുകയും ചെയ്തിരുന്നു.

പരമ്പരാഗത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹിക മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു യുവജന പ്രസ്ഥാനമായി തുടരാനാണ് സി.ജെ.പിയുടെ തീരുമാനം.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ‘ക്യാ ബോല്‍തി പബ്ലിക്’ (Kya Bolti Public) എന്ന പരിപാടിയുടെ ആദ്യ ഘട്ടമായാണ് വിദ്യാഭ്യാസ മേഖലയിലെ ഈ രാജ്യവ്യാപക പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

Content  Highlight: CJP Launches Nationwide Campaign for Rural School Reform

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related