ചെന്നൈ: ചെന്നൈ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർദേശിച്ചിരുന്ന രണ്ടാമത്തെ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എ.എ.ഐ) പകരം സ്വകാര്യ കമ്പനിയെ നടത്തിപ്പ് ചുമതല ഏൽപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ആവശ്യം.
ഭൂമി ഏറ്റെടുക്കലിലും കാർഷിക ഭൂമിയും ജലാശയങ്ങളും നഷ്ടപ്പെടുമെന്നതിലും ആശങ്ക പ്രകടിപ്പിച്ച് കർഷകരും നാട്ടുകാരും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് പരന്തൂർ പദ്ധതിയിൽ നിന്ന് തമിഴ്നാട് സർക്കാർ പിന്മാറിയത്.
ഇതിനു പിന്നാലെ രണ്ടാമതൊരു വിമാനത്താവളത്തിനായി ചെയ്യാർ, ഗുമിഡിപൂണ്ടി എന്നീ സ്ഥലങ്ങൾ സർക്കാർ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പുതിയൊരു വിമാനത്താവളം യാഥാർത്ഥ്യമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ ഇടക്കാല പരിഹാരമെന്ന നിലയ്ക്കാണ് നിലവിലെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ മെച്ചപ്പെടുത്താൻ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിന് ചെന്നൈ വിമാനത്താവളത്തിന്റെ കാര്യക്ഷമമായ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
യാത്രക്കാരുടെ എണ്ണം, വിമാന സർവീസുകൾ, കാർഗോ നീക്കം എന്നിവയിലെല്ലാം വിമാനത്താവളത്തിന് വലിയ തോതിലുള്ള നിലവാരമുയർത്തൽ ആവശ്യമാണ്. നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ കാലതാമസവും യാത്രക്കാരുടെ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.
Content Highlight:Tamil Nadu Chief Minister Writes to PM Seeking New Operator for Chennai Airport.




