26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണെങ്കിലും നല്‍കണമെന്ന് ബി.ജെ.പി നേതാവ്

Date:

ന്യൂദല്‍ഹി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കുറഞ്ഞത് ഒരു പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും അര്‍ഹിക്കുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ. ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ദ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.

‘ഗ്യാനേഷ് കുമാര്‍ കുറഞ്ഞത് പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും അര്‍ഹിക്കുന്നു. ദീര്‍ഘകാലത്തിന് ശേഷം ഭീഷണികള്‍ നേരിടേണ്ടതില്ലാത്ത അവസ്ഥ വന്നതിനാല്‍ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ സന്തുഷ്ടരാണ്. ആളുകള്‍ക്ക് അവരുടെ വോട്ട് രേഖപ്പെടുത്താന്‍ യഥാര്‍ത്ഥത്തില്‍ അവസരം ലഭിച്ചു,’ എന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു.

‘പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ഇതുപോലൊരു തെരഞ്ഞെടുപ്പ് അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. അതിനാല്‍, സംസ്ഥാനത്ത ജനങ്ങള്‍ ഗ്യാനേഷ് കുമാറിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു,’ എന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ഇതുപോലൊരു അതിര്‍ത്തി സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഗ്യാനേഷ് കുമാര്‍ മുന്‍കൈയെടുത്തു,’ ഭട്ടാചാര്യ പറയുന്നു.

എസ്.ഐ.ആര്‍ തുടങ്ങിയതിനുശേഷം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ വിഷയത്തില്‍ എതിര്‍പ്പുകളുയര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 14 തവണ എസ്.ഐ.ആര്‍ നടപടികളെ ഔദ്യോഗിക റെക്കോര്‍ഡില്‍ എതിര്‍ത്തതായാണ് കണ്ടെത്തിയത്. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ചും എസ്.ഐ.ആര്‍ നടപടികളുമായി ഗ്യാനേഷ് മുന്നോട്ട് പോവുകയായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിന് പിന്നാലെ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. ഗ്യാനേഷ് അടിയന്തരമായി രാജിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം ആവശ്യപ്പെട്ടത്.

രാഹുല്‍ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടതിനെയും സമീക് ഭട്ടാചാര്യ കുറ്റപ്പെടുത്തി. ‘വാസ്തവത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടി പോലും രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ല. അവര്‍ അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല,’ എന്ന് ഭട്ടാചാര്യ പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലും ജന്തര്‍ മന്തറിലും ഇന്ന് (സെപ്തംബര്‍ 25, വെള്ളി) പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തിലെത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. രാജ്യത്തിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടന്നു.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ദല്‍ഹിയിലെ പ്രതിഷേധം. എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, ഐസ അടക്കമുള്ള വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.

ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം തുടങ്ങുമെന്ന് സി.ജെ.പി ഇന്നലെ (സെപ്തംബര്‍ 25, വ്യാഴം) പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗ്യാനേഷ് കുമാര്‍ രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകസമരം നടത്തുമെന്ന് സി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

Content Highlight: ‘Gyanesh Kumar deserves, at the very least, the Padma Bhushan’: Bengal BJP chief

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related