15
October, 2026

A News 365Times Venture

15
Thursday
October, 2026

A News 365Times Venture

എന്റെ പേര് ഉമര്‍ ഖാലിദ് അതുകൊണ്ടവരെന്നെ ഭീകരവാദിയെന്ന് വിളിക്കുന്നു; തടവറിയില്‍ നിന്നുള്ള കുറിപ്പ്

Date:

ന്യൂദല്‍ഹി: ദല്‍ഹി കലാപാഹ്വാന കേസില്‍ യു.എ.പി.എ ചുമത്തി വിചാരണകൂടാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് തടവറയില്‍ നിന്ന് കുടുംബത്തിനും സുഹൃത്തുകള്‍ക്കുമായി അയച്ച കുറിപ്പുകള്‍ പങ്കുവെച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുണാല്‍ കമ്ര.

മാധ്യമങ്ങള്‍ ഉമര്‍ ഖാലിദിനെ വേട്ടയാടുകയാണെന്നും, കഴിഞ്ഞ ആറ് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ അദ്ദേഹത്തിന് വളരെ കുറഞ്ഞ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും കുനാല്‍ കമ്ര കുറിച്ചു. തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഉമര്‍ ഖാലിദ് പങ്കുവെച്ച സ്വന്തം വാക്കുകളാണ് കുനാല്‍ കമ്ര ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

‘എന്റെ പേര് ഉമര്‍ ഖാലിദ് ഞാന്‍ ഒരു ഭീകരവാദിയല്ല’ എന്ന് പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ വാചകം ഇപ്പോള്‍ പഴഞ്ചനായെന്നും ‘ എന്റെ പേര് ഉമര്‍ ഖാലിദ് അതുകൊണ്ടാണവരെന്നെ ഭീകരവാദിയെന്ന് വിളിക്കുന്നതെന്നാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം’ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കിയ ചിത്രത്തോടൊപ്പമാണ് ഉമര്‍ ഖാലിദിന്റെ പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിപ്പുറവും ഭരണപക്ഷത്തെ വക്താക്കള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ തന്നെ ‘ദേശീയ സുരക്ഷയ്ക്ക് ഭീഷണി’ എന്നും ‘ബുദ്ധിജീവിയായ ഭീകരവാദി എന്നും വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ബോംബ് സ്‌ഫോടനമോ, വിമാനം റാഞ്ചലോ, തട്ടിക്കൊണ്ടുപോകലോ ആണോ ഞാന്‍ ചെയ്തത്? ഗാന്ധിയന്‍ മൂല്യങ്ങളായ അഹിംസയെയും സത്യാഗ്രഹത്തെയും കുറിച്ച് 2020 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ ഒരു ചെറുപട്ടണത്തില്‍ നടത്തിയ പ്രസംഗമാണ് എനിക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനം. ‘അക്രമത്തിന് അക്രമം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് നമ്മള്‍ മറുപടി നല്‍കേണ്ടത്; ലാത്തി കൊണ്ടടിച്ചാല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും, വെടിയുതിര്‍ത്താല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കും; ജയിലിലടച്ചാല്‍ സാരേ ജഹാം സെ അച്ഛാ പാടി സന്തോഷത്തോടെ ജയിലില്‍ പോകും’ എന്നാണ് ഞാന്‍ പ്രസംഗിച്ചത്. ഈ വാക്കുകള്‍ കേട്ടിട്ട് എന്നിലെ ഭീകരനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ?’

പ്രസംഗം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ആയിരം കിലോമീറ്റര്‍ അകലെയുള്ള ദല്‍ഹിയില്‍ ഹിന്ദു-മുസ്‌ലിം കലാപം ആളിക്കത്തിച്ച വന്‍ ഗൂഢാലോചനയാണ് ഈ വാക്കുകളെന്നാണ് ദല്‍ഹി പൊലീസിന്റെ വിചിത്ര വാദം,’ അദ്ദേഹം പറഞ്ഞു.

ദല്‍ഹി കലാപത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ റോഡുകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പേര് കപില്‍ മിശ്ര എന്നാണെന്നും ഉമര്‍ ഖാലിദ് എന്നല്ലെന്നും ഇന്നത്തെ ഇന്ത്യയില്‍ ആ വ്യതാസം വളരെ വലുതാണെന്നും കുറിപ്പില്‍ പറയുന്നു.

‘ ഭരണകൂടത്തിന്റെ ഒത്താശയും വിചാരണയില്ലാത്ത അനന്തമായ തടവറയും തമ്മിലുള്ള വ്യത്യാസമാണിത്,’ ഉമര്‍ഖാലിദ് പറഞ്ഞു. കോടതി മുറികളില്‍ തെളിവുകള്‍ പരിശോധിക്കുന്ന ഒരു വിചാരണയ്ക്ക് പോലും തന്നെ ഇതുവരെ വിധേയനാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിചാരണയില്ലെങ്കിലും പ്രൈം ടൈം ന്യൂസ് ചാനലുകള്‍ ജഡ്ജിയും ജൂറിയുമൊക്കെയായി മാറി തനിക്കെതിരെ വിചാരണ നടത്തിക്കഴിഞ്ഞുവെന്നും ഒരാളെ സ്വന്തം ഭാഗം വാദിക്കാന്‍ പോലും അവസരം നല്‍കാതെ കുറ്റക്കാരനാക്കാനും വിചാരണയില്ലാതെ അനന്തമായി തടവിലിടാനും സാധിക്കുമോയെന്നും, ഇതാണോ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നും ഉമര്‍ ചോദിക്കുന്നു.

തന്റെ മോചനത്തിനായി സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ചകളും ചലച്ചിത്ര പ്രദര്‍ശനങ്ങളും ഭരണകൂടത്തിന്റെ ആളുകള്‍ തടസപ്പെടുത്തുന്നത് താന്‍ സംസാരിച്ചാല്‍ അവരുടെ ‘രാജ്യദ്രോഹി’ എന്ന നുണ തകരുമെന്ന് ഭയന്നാണെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

Contrent Highlight: My name is Umar Khalid, and that is why they call me a terrorist; a note from prison.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related