ന്യൂദല്ഹി: കോണ്ഗ്രസിന്റെ സി.ജെ.പി നിലപാടില് മാറ്റം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് ഇന്ത്യ സഖ്യത്തിലെ നേതാക്കള്ക്കും വിദ്യാര്ത്ഥി നേതാക്കള്ക്കുമായി നടന്ന ചായസത്ക്കാരത്തില് സി.ജെ.പിയേയും ക്ഷണിച്ചിരുന്നതായി റിപ്പോര്ട്ട്.
ചൊവ്വാഴ്ച വൈകീട്ട് നടന്ന ചായസത്ക്കാരത്തിലാണ് സി.ജെ.പി സ്ഥാപകന് അഭിജിത് ദീപ്കെയേയും ക്ഷണിച്ചിരുന്നതായി റിപ്പോര്ട്ട് പുറത്ത് വരുന്നത്. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് വഴിയാണ് കോണ്ഗ്രസ് ഇത്തരത്തില് ക്ഷണിച്ചതെന്നും അഭിജീത് ദീപ്കെയുമായി ബന്ധപ്പെടാന് അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയതെന്നും വൃത്തങ്ങള് അറിയിച്ചു.
തുടക്കത്തില് കോണ്ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം സി.ജെ.പിയെ ആം ആദ്മി പാര്ട്ടിയുടെ ഒരു പോഷക സംഘടനയായാണ് കണ്ടിരുന്നത്. എന്നാല് ഈ സമീപനത്തിലാണ് ഇപ്പോള് മാറ്റം വന്നിരിക്കുന്നത്.അതേസമയം അഭിജിത് ദീപ്കെ മുംബൈയിലായിരുന്നതിനാല് എത്താന് സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്ട്ടുണ്ട്.
ഭരണഘടന സംരക്ഷിക്കുന്നതിനായി ഒത്തൊരുമിച്ച് നില്ക്കുന്ന എല്ലാ ശക്തികളെയും ഒരു കുടക്കീഴില് അണിനിരത്തണമെന്ന ഇന്ത്യ മുന്നണിയുടെയും രാഹുല് ഗാന്ധിയുടെയും തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കംമെന്നാണ് റിപ്പോര്ട്ട്.
ജന്തര്മന്ദറില് സമാധാനപരമായി സമരം ചെയ്ത സി.ജെ.പി നേതാക്കളുടെ അറസ്റ്റിനെതിരെ രാഹുല് ഗാന്ധി ശക്തമായി രംഗത്തുവന്നിരുന്നു. ദേശീയ പതാകയേന്തി സമരം ചെയ്യുന്നത് കുറ്റമല്ലെന്നും, യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം എക്സില് കുറിച്ചിരുന്നു. രാഹുല് ഗാന്ധിയുടെ ഈ പിന്തുണയ്ക്കും നിലപാടിനും സി.ജെ.പി സ്ഥാപകന് അഭിജീത് ദിപ്കെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Content Highlight: Shift in Congress’s stance on CJP; reports suggest Deepke was invited to Rahul Gandhi’s tea party.




