ന്യൂദൽഹി: ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി വധക്കേസിൽ നീതി തേടി തെരുവിലിറങ്ങിയ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിലും, കുടുംബം സംശയമുനയിൽ നിർത്തിയ ബി.ജെ.പി നേതാവിനെ ഗവർണറായി നിയമിച്ചതിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഗുസ്തി താരം ബജ്രംഗ് പുനിയ.
ബി.ജെ.പി സർക്കാരിന്റെ പ്രശസ്തമായ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന മുദ്രാവാക്യത്തെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടായിരുന്നു പുനിയയുടെ പ്രതികരണം.
രാപ്പകൽ ഭേദമില്ലാതെ പെൺമക്കളെ സംരക്ഷിക്കാൻ മുദ്രാവാക്യം വിളിച്ചു നടന്ന ബി.ജെ.പി നേതാക്കൾ ഇപ്പോൾ എവിടെപ്പോയി ഒളിച്ചെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ ചോദിച്ചു.
‘മകൾക്ക് നീതി ലഭിക്കാനായി അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അലയുകയാണ്, എന്നാൽ ആ കുടുംബം ആരുടെ പങ്കിനെയാണോ സംശയിക്കുന്നത് ആ ബി.ജെ.പി നേതാവിനെ ഗവർണർ പോലെയുള്ള ഉന്നത ഭരണഘടനാ പദവിയിലേക്ക് നിയമിച്ചിരിക്കുന്നു. നിഷ്പക്ഷമായ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് എന്തിനാണ് ഈ ധൃതി? അധികാരത്തേക്കാൾ വലുതായിരിക്കണം നീതി, രാഷ്ട്രീയത്തേക്കാൾ വലുതായിരിക്കണം ഒരു മകളുടെ ജീവൻ’ ബജ്രംഗ് പുനിയ എക്സിൽ കുറിച്ചു.
അങ്കിത ഭണ്ഡാരി കേസിൽ ഇപ്പോൾ നടക്കുന്നത് എന്ത് തരത്തിലുള്ള നീതിയാണെന്നും പുനിയ തുറന്നടിച്ചു. പ്രായമായ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിലാവുകയും, ആ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന നേതാവ് രാജ്ഭവനിൽ വാഴുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് അദ്ദേഹം വിമർശിച്ചു.
അവസാനം ആർക്കാണ് ഇവിടെ നീതി കിട്ടുന്നതെന്നും ആർക്കാണ് യഥാർത്ഥത്തിൽ ശിക്ഷ ലഭിക്കുന്നതെന്നും ചോദിച്ച പുനിയ, ഇത് കടുത്ത അനീതിയാണെന്ന് പറഞ്ഞു.
നീതിക്കായി കേഴുന്ന അങ്കിതയുടെ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ കിടക്കുമ്പോൾ, കുടുംബം ചോദ്യം ചെയ്യുന്നയാൾ രാജ്ഭവനിൽ ‘മഹാമഹിമൻ’ ആയി വിലസുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മകൾക്ക് നീതി തേടി സമരം ചെയ്യുന്നത് എപ്പോഴാണ് ഈ രാജ്യത്ത് ഒരു കുറ്റകൃത്യമായി മാറിയതെന്നും താരം ചോദിച്ചു. നീതിക്കായുള്ള മാതാപിതാക്കളുടെ പോരാട്ടത്തിനൊപ്പം നിൽക്കണമെന്ന ആഹ്വാനത്തോടെ ‘ജസ്റ്റിസ് ഫോർ അങ്കിത ഭണ്ഡാരി’ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
2022 സെപ്റ്റംബറിലാണ് ഋഷികേശിലെ വനാന്തര റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന 19-കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. ബി.ജെ.പി മുൻ നേതാവിന്റെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും കൂട്ടാളികളും ചേർന്ന് അങ്കിതയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ പ്രതികൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടെങ്കിലും, റിസോർട്ടിൽ അങ്കിതയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയ വി.ഐ.പി ആരാണെന്നതിൽ ദുരൂഹത നീക്കാൻ സി.ബി.ഐ അന്വേഷണം വേണമെന്നും ആരോപണവിധേയനായ ബി.ജെ.പി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ സിക്കിം ഗവർണർ പദവി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ സമരം നടത്തിയത്.
ഇന്ത്യാഗേറ്റിന് മുന്നില് മകള്ക്ക് നീതി ആവശ്യപ്പെട്ട സമരം നടത്തുന്ന അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദർശിച്ചിരുന്നു.
Content Highlight:Ankita Bhandari case: ‘Parents seeking justice are in custody, while the accused is at the Raj Bhavan’; Bajrang Punia launches sharp criticism against the Centre.




