ഐഎഎൻഎസ് ഇനി അദാനി ഗ്രൂപ്പിന്റെ കൈകളിൽ ഭദ്രം, സ്വന്തമാക്കിയത് പകുതിയിലധികം ഓഹരികൾ


രാജ്യത്തെ പ്രമുഖ വാർത്ത ഏജൻസിയായ ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഐഎഎൻഎസിന്റെ പകുതിയിലധികം ഓഹരികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ, മാധ്യമ രംഗത്തെ പ്രവർത്തനം കൂടുതൽ വിപുലമാക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മാധ്യമ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡാണ് ഓഹരികൾ വാങ്ങിയത്. 50.50 ശതമാനം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

കരാർ തുകയെ കുറിച്ചുള്ള വിവരങ്ങൾ അദാനി ഗ്രൂപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കൽ നടപടികൾ പൂർണ്ണമാകുന്നതോടെ, ഐഎഎൻഎസുമായി ബന്ധപ്പെട്ട നടക്കാനിരിക്കുന്ന പ്രവർത്തനവും മാനേജ്മെന്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഇനി അദാനി ഗ്രൂപ്പിന്റെ കൈകളിലാകും. 2022-ലാണ് അദാനി ഗ്രൂപ്പ് മാധ്യമരംഗത്തേക്ക് ചുവടുകൾ ശക്തമാക്കുന്നത്. എൻഡിടിവി, ബിക്യൂ പ്രൈം എന്നിവ ഇതിനോടകം അദാനി ഗ്രൂപ്പിന് സ്വന്തമായിട്ടുണ്ട്.