ഓഹരി വിപണി കീഴടക്കി ഐപിഒകൾ, ഇക്കുറി സമാഹരിച്ചത് കോടികൾ


ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർച്ച കൈവരിച്ചതോടെ, പ്രാഥമിക ഓഹരി വിൽപ്പനകൾ വഴി കമ്പനികൾ സമാഹരിച്ചത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ 58 കമ്പനികൾ ഐപിഒ വഴി 52,637 കോടി രൂപയാണ് സമാഹരിച്ചത്. 2024 ലും സമാനമായ രീതിയിൽ ഐപിഒ വഴിയുള്ള നിക്ഷേപം ശക്തമായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2022-ൽ എൽഐസി മെഗാ ഐപിഒയിലൂടെ സമാഹരിച്ച 20,557 കോടി രൂപ ഒഴികെ, ഈ വർഷം പബ്ലിക് ഇഷ്യൂ വഴി സമാഹരിച്ച തുക 36 ശതമാനം കൂടുതലാണ്.

ഈ വർഷം ലിസ്റ്റ് ചെയ്ത 50 കമ്പനികളിൽ, 7 കമ്പനികൾക്ക് മാത്രമാണ് വിപണിയിൽ വലിയ തോതിൽ നഷ്ടം നേരിടേണ്ടി വന്നത്. 2022-ൽ ഇത് 14 കമ്പനികൾ ആയിരുന്നു. ടാറ്റ ടെക്നോളജീസ്, ഐഡിയ ഫോർജ്, ഉത്കാർഷ് സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ ലിസ്റ്റിംഗിന്റെ ആദ്യദിവസം തന്നെ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. 2024-ലും സമാനമായ രീതിയിൽ വിപണികൾ ഐപിഒയ്ക്ക് അനുകൂലമായി മാറുമെന്നാണ് വിലയിരുത്തൽ. സെബിയുടെ അനുമതി ലഭിച്ച 24 ഓളം കമ്പനികൾ അടുത്ത വർഷം 26,000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ പദ്ധതിയിടുന്നത്. കൂടാതെ, 32 കമ്പനികൾ സെബിക്ക് മുമ്പാകെ കരട് രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഓയോ, ഒല, ഗോ ഡിജിറ്റ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഐപിഒ അടുത്ത വർഷം പ്രതീക്ഷിക്കാവുന്നതാണ്.