രാജ്യത്തെ ആദ്യ സമ്പൂർണ ഹോൾമാർക്കിംഗ് സംസ്ഥാനമായി കേരളം, ഇതുവരെ ലൈസൻസ് നേടിയത് 6,000-ത്തിലധികം ജ്വല്ലറികൾ
രാജ്യത്തെ ആദ്യ സമ്പൂർണ ഹോൾമാർക്കിംഗ് സംസ്ഥാനമെന്ന പദവി സ്വന്തമാക്കി കേരളം. സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന പുതിയ മാനദണ്ഡമായ എച്ച്.യു.ഐ.ഡി നടപ്പാക്കിയിട്ട് രണ്ടര വർഷം പിന്നിടുമ്പോൾ കേരളത്തിൽ ഇതിനോടകം 6,000 ജ്വല്ലറികളാണ് ലൈസൻസ് നേടിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോടും ഇടുക്കിയിലും ഹോൾമാർക്കിംഗ് സെന്റർ തുറന്നിരുന്നു. ഹോൾമാർക്കിംഗ് സെന്ററുകളിൽ നിന്നും പ്രതിദിനം 4 ലക്ഷത്തോളം ആഭരണങ്ങളിലാണ് എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നത്.
രാജ്യത്ത് 300 കോടി ആഭരണങ്ങളിൽ ഇതിനോടകം തന്നെ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 3,000 കോടി ടണ്ണോളമാണ് ഇവയുടെ അളവ്. 2021 ജൂലൈയിലാണ് കേന്ദ്രസർക്കാരും, ബിഐഎസും സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി മുദ്ര നിർബന്ധമാക്കിയത്. നിലവിൽ, 10,000-ത്തിലധികം ജ്വല്ലറികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനം കൂടിയാണ് കേരളം.
ജ്വല്ലറികളിൽ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുക എന്നതാണ് എച്ച്.യു.ഐ.ഡി പതിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി, ആൽഫ ന്യൂമറിക് കോഡ് എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി. ഓരോ ആഭരണത്തിനും എച്ച്.യു.ഐ.ഡി വ്യത്യസ്തമാണ്. എച്ച്.യു.ഐ.ഡി പരിശോധിക്കുന്നതിലൂടെ ആഭരണം നിർമ്മിച്ചത് എവിടെയാണ്, ഹോൾമാർക്ക് ചെയ്തത് എവിടെയാണ് തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിക്കും.