India
ഇരട്ട പൗരത്വം; രാഹുൽ ഗാന്ധിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അലഹാബാദ്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം അന്വേഷിക്കുന്നതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് രാഹുൽ ഗാന്ധിയുടെ ഭാഗം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നോട്ടീസ് അയച്ചു.
2003 ൽ ബ്രിട്ടനിൽ ഒരു കമ്പനി തുടങ്ങുന്നതിനിടെ തന്റെ ബ്രിട്ടീഷ് പൗരത്വം മറച്ചുവെച്ചു എന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തർപ്രദേശ് പോലീസിന് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ഈ കേസിന്റെ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാമെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി അധ്യക്ഷനായ ബെഞ്ച് അനുമതി നൽകി. പ്രഥമദൃഷ്ട്യാ ഈ ആരോപണങ്ങൾ ഗൗരവകരമായ കുറ്റകൃത്യങ്ങളാണെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വ്യക്തമായ രേഖകൾ സമർപ്പിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ്.
കർണാടകയിലെ ബി.ജെ.പി പ്രവർത്തകൻ വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് കോടതി കഴിഞ്ഞ ദിവസം നടപടിയെടുക്കാൻ അനുമതി നൽകിയത്.
2003 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത എം.എസ് ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയിൽ ചേരുമ്പോൾ രാഹുൽ ഗാന്ധി താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്ന് അവകാശപ്പെട്ടിരുന്നു എന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.
വാദം കേൾക്കുന്നതിനിടെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്.ബി. പാണ്ഡെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രേഖകൾ ഹാജരാക്കി. അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വി.കെ. സിംഗ് പറഞ്ഞു.
ഇരട്ട പൗരത്വം സംബന്ധിച്ച പരാതികളിൽ അന്വേഷണം ആവശ്യമാണെന്ന് രേഖകളിലെ വിവരങ്ങൾ സൂചിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു.
Content Highlight: Dual citizenship; Allahabad High Court quashes FIR against Rahul Gandhi
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




