കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ്. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
രാവിലെ 9:00 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്കൂള്‍ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം എന്നിവയും നടക്കും. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് കലാമേളയുടെ ഭാഗമാകുക. വിവിധ മത്സരങ്ങൾക്കായി 24 വേദികൾ സജ്ജമാക്കിയിട്ടുണ്ട്.
ജനുവരി 8-ന് വൈകിട്ട് 5:00 മണിക്കാണ് കലോത്സവം സമാപിക്കുക. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടി മുഖ്യാതിഥിയാകും. മന്ത്രി വി.ശിവൻകുട്ടി പ്രതിഭകളെ ആദരിക്കുന്നതാണ്. നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്.