അനുജയും ഹാഷിമും തമ്മിൽ ഒരുവർഷത്തെ പരിചയം, സ്ഥിരമായി ചാറ്റിങ്: ഫോൺ പരിശോധിച്ച പൊലീസിന് കിട്ടിയ വിവരങ്ങൾ


പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി മുഹമ്മദ് ഹാഷിമും(31) തമ്മിൽ കഴിഞ്ഞ ഒരുവർഷത്തോളമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് സൗഹൃദം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

അപകടത്തിൽപെട്ട കാറിൽനിന്നു ലഭിച്ച ഹാഷിമിന്റെ രണ്ടു ഫോണുകളും അനുജയുടെ ഒരു ഫോണുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചത്. ഇരുവരും ഫോണിൽ ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി. അപകടമുണ്ടാക്കിയ കാറും കണ്ടെയ്നർ ലോറിയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതായാണു സൂചന. ഇതേ സംശയത്തിലാണു പൊലീസും. കാർ അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി. നേരത്തേ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യകേസ് ചുമത്തിയിരുന്നു. എന്നാൽ, ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി.

അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയിൽ വച്ച് അനുജയെ ഹാഷിം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവലറിൽ ഉണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ സഹപ്രവർത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.