തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഈ തുകയിൽ നിന്നാകും ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുക.ജൂൺ മാസം ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണുള്ളത്. എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടഘട്ടമായി വിതരണം ചെയ്യാനുമാണ് സർക്കാർ തീരുമാനം. ഈ വർഷം 21,253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. അഞ്ച് മാസത്തെ പണമാണ് കുടിശ്ശികയുള്ളത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി 9,00 കോടി രൂപയാണ് ആവശ്യം. കേന്ദ്ര സർക്കാർ പണം നൽകുന്നില്ലെന്നും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.
അഞ്ച് മാസത്തെ പെൻഷൻ കുടിശിക ബാക്കിയുണ്ടെന്ന ധനമന്ത്രിയുടെ തുറന്നുപറച്ചിൽ ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശികയുണ്ടായിരുന്നുവെന്ന് ധനമന്ത്രി ആവർത്തിക്കുകയും ചെയ്തു. അഞ്ച് വർഷം കൊണ്ട് യുഡിഎഫ് സർക്കാർ ആകെ നൽകിയത് 9311 കോടി രൂപയാണ്. എന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാർ അഞ്ച് വർഷം കൊണ്ട് 35,154 കോടി രൂപ നൽകി. രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷം കൊണ്ട് 27,278 കോടി രൂപ പെൻഷനായി വിതരണം ചെയ്തെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
ശമ്പള പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവൻ ശമ്പളം നല്‍കാനുള്ള തീരുമാനമുണ്ടായി. ഇതിനായി സര്‍ക്കാര്‍ സഹായം നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.