24
April, 2026

A News 365Times Venture

24
Friday
April, 2026

A News 365Times Venture

ഹജ്ജ് 2024: കനത്ത ചൂടില്‍ മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം1000 കടന്നു, ഇന്ത്യക്കാർ മാത്രം 70 പേര്‍

Date:


കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയില്‍ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോർട്ട്‌. 70 ഓളം ഇന്ത്യാക്കാരും തീര്‍ത്ഥാടനത്തിനിടെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സൗദിയിൽ അനുഭവപ്പെടുന്ന കൊടും ചൂടാണ് ഭൂരിഭാഗം ആളുകളെയും മരണത്തിലേക്ക് നയിച്ചത് എന്നും പറയുന്നു. ഇതോടെ തീർത്ഥാടനത്തിനിടെ കാണാതായവരെ പലയിടങ്ങളിലും തിരഞ്ഞു നടക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ബന്ധുക്കൾ സൗദിയിലെ വിവിധ ആശുപത്രികളിലും തെരച്ചില്‍ നടത്തുന്നുണ്ട്

ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്ക നഗരത്തില്‍ തിങ്കളാഴ്ച താപനില 51.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 18 ലക്ഷം ആളുകളാണ് ഈ വർഷം ഹജ്ജിനെത്തിയത്. ഇതിൽ പ്രായമേറിയ നിരവധി തീർത്ഥാടകരും ദിവസങ്ങളോളം നീണ്ട ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കനത്ത ചൂട് സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള 600 ഓളം ഹജ്ജ് തീര്‍ത്ഥാടകർ മരിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു അറബ് നയതന്ത്രജ്ഞൻ എഎഫ്‌പിയോട് പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നായി 922 ഹാജിമാർ ഇതുവരെ മരിച്ചതായും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. കാണാതായ തീർത്ഥാടകരുടെ എണ്ണം 1400 ആയി ഉയർന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി പേർ കാണാതായവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവരങ്ങൾ തേടുന്നുണ്ട്.

ചില തീര്‍ത്ഥാടകര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സാധുവായ ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് എയര്‍കണ്ടീഷന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. ടുണീഷ്യയിൽനിന്ന് ഹജ്ജിന് വന്ന തന്റെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മുഹമ്മദ് എന്നയാളും മാധ്യമങ്ങൾക്ക് മുന്നിലെത്തി.

70 കാരി മബ്രൂക്ക ബിൻത് സലേം ഷുഷാനയെ ശനിയാഴ്ച മുതലാണ് കാണാതായത്. സൗദിയിലെ കനത്ത ചൂടിനെ തുടർന്ന് ഭാര്യ വളരെ അവശയായിരുന്നുവെന്നും ഇതുവരെ എല്ലാ ആശുപത്രികളിലും മാറിമാറി തിരഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related