തിരുവനന്തപുരത്ത് കാറിൽ യുവ ബിസിനസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ദീപുവിന്റെ ഡ്രൈവറെ കാണാനില്ല


തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ദീപുവിന്റെ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു. കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല.

ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.

കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസ് സംശയം

മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.