ജഡ്ജിയുടെ മുന്നിൽ വച്ച് ഭർത്താവിന്റെ കഴുത്തിന് പിടിച്ചു: കോടതിമുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ യുവതിക്ക് ജാമ്യം
കോഴിക്കോട്: ഗാർഹിക പീഡന കേസിൽ ഹാജരാകവേ കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശിനിയായ 29 വയസുകാരിക്കാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിക്കാന്‍ വൈകിയതുകൊണ്ട് യുവതിക്ക് ശനിയാഴ്ചയേ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ.
ഇന്നലെ ഉച്ചയോടെയാണ് ജെ.എഫ്.സി.എം മൂന്നാം കോടതിയില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരുന്നു. കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവത ബഹളം വെക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും ഇത് കൂട്ടാക്കാതെ ഇവര്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
ബഹളത്തിനിടയില്‍ യുവതി ഭര്‍ത്താവിന്റെ കഴുത്തിന് പിടിച്ചുവെന്നും ടൗണ്‍ പോലീസ് അധികൃതര്‍ പറഞ്ഞു. ഈ സമയത്ത് കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹളം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും യുവതിയെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. യുവതിക്ക് വേണ്ടി അഡ്വ. എന്‍. സജ്‌ന കോടതിയില്‍ ഹാജരായി.