കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂർ ഫെമ നിയമ ലംഘനം നടത്തിയെന്നാണ് ഇഡി പറയുന്നത്. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെയൊക്കെ കോടികളുടെ കള്ളപ്പണ ഇടപാടാണ് ബോബി ചെമ്മണ്ണൂർ നടത്തുന്നത് എന്നാണ് സംശയം.
സംസ്ഥാനത്തെ ലോട്ടറി വില്പനയെ ബാധിക്കുന്നതിനാൽ ബോചെ ടീ നറുക്കെടുപ്പ് നിർത്തലാക്കണം എന്ന ആവശ്യം നിരവധി തവണ നേരത്തെ തന്നെ ഉയർന്നിരുന്നു. ലോട്ടറി റഗുലേഷന് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ കേസന്വേഷണം നടക്കുന്നുമുണ്ട്. ബോചെ ടീ നറുക്കെടുപ്പ് ജനപ്രീതി നേടുകയും വലിയ ചർച്ചയാവുകയും ചെയ്ത സംഭവമാണ്.
ബോബി ചെമ്മണ്ണൂരിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി വിശദമായി അന്വേഷിക്കുന്നത്. ബോബി ചെമ്മണ്ണൂർ തന്റെ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളും പരിശോധനാ പരിധിയിലുണ്ട്. വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ബോബി ചെമ്മണ്ണൂർ ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയിരിക്കുന്നത്.
ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ, ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുന്നത്. എന്നാൽ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് സാധാരണ നടപടിയാണെന്നും അവര്‍ ചോദിച്ചതിനെല്ലാം കൃത്യമായി താന്‍ മറുപടി നല്‍കിയെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.
കണക്കുകള്‍ ഹാജരാക്കാന്‍ ഒന്നര മാസം മുന്‍പ് ഇ ഡി നിര്‍ദേശിച്ചിരുന്നെന്നും എല്ലാ കണക്കുകളും താന്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിലൊന്നും യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഈ മാസം തന്നെ ഫയര്‍ ക്ലോസ് ചെയ്യുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.