15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ നിരാഹാരസമരം; ദ്രുതഗതിയിലുള്ള ഇടപെടലില്‍ തൊഴില്‍ വകുപ്പിന് നന്ദിയറിയിച്ച് ഡബ്ല്യു.സി.സി

Date:



Kerala News


മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ നിരാഹാരസമരം; ദ്രുതഗതിയിലുള്ള ഇടപെടലില്‍ തൊഴില്‍ വകുപ്പിന് നന്ദിയറിയിച്ച് ഡബ്ല്യു.സി.സി

തിരുവനന്തപുരം: സംസ്ഥാന തൊഴില്‍ വകുപ്പിനും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്കും നന്ദിയറിയിച്ച് ഡബ്ല്യു.സി.സി. ഫെഫ്ക അംഗങ്ങളായിരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ നിരാഹാര സമരത്തില്‍ ഉണ്ടായ തൊഴില്‍ വകുപ്പിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഡബ്ല്യു.സി.സി പ്രതികരണം.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ലേബര്‍ ഓഫീസര്‍മാരുടെ സാന്നിധ്യം നടപടിക്ക് ആവശ്യമായ ഉറപ്പും ഔദ്യോഗികതയും നല്‍കിയെന്നും ഡബ്ല്യു.സി.സി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യു.സി.സി തൊഴില്‍ വകുപ്പിന് നന്ദിയറിയിച്ചത്.

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള പ്രതിബദ്ധത കാണിച്ച തൊഴില്‍ വകുപ്പിനും നിര്‍ദേശങ്ങള്‍ നല്‍കിയ തൊഴില്‍ മന്ത്രിക്കും നന്ദി പറയുന്നുവെന്നാണ് സംഘടന പ്രതികരിച്ചത്.

വിയോജിപ്പും അതിന്റെ പ്രകടനവും ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. നല്ല നേതാക്കള്‍ കാര്യഗൗരവത്തോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, എതിര്‍ അഭിപ്രായത്തിന് ഇടം നല്‍കിക്കൊണ്ട് ചര്‍ച്ചകള്‍ നടത്തുകയും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. വിയോജിപ്പുള്ള ശബ്ദങ്ങള്‍ അടിച്ചമര്‍ത്തി, അവയെ തള്ളിക്കളയുന്നതിനോ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നെയ്‌തെടുക്കുന്നതിനോ പകരം, ഉത്തരവാദിത്തം ഏറ്റെടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

ഈയിടെ ചില സംഘടനകള്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഇടം നല്‍കുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് സ്ത്രീകളെ അധിക്ഷേപിക്കാനോ, സ്ത്രീകളുടെ മുന്‍ കൈയാല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനോ മാത്രമാണ് അവര്‍ സ്ത്രീകള്‍ക്ക് അത്തരം ഇടം നല്‍കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ സത്രീ (വുമണ്‍-എഗൈന്‍സ്റ്റ്-വുമണ്‍) എന്നത് ഡബ്ല്യു.സി.സി കളിക്കാന്‍ തയ്യാറുള്ള ഒരു കാര്യമേ അല്ല! കാരണം ഇത് സ്ത്രീകള്‍ക്കിടയില്‍ വിദ്വേഷവും അകല്‍ച്ചയും വര്‍ധിപ്പിക്കാനുള്ള പുരുഷാധിപത്യത്തിന്റെ ഒരു പഴയ കളിയാണ്. മിഷേല്‍ ഒബാമ പറഞ്ഞതുപോലെ, ‘അവര്‍ താഴേക്ക് പോകുന്തോറും ഞങ്ങള്‍ ഉയര്‍ന്നു ചിന്തിക്കും (when they go low, we go high)’, എന്നാണെന്നും ഡബ്ല്യു.സി.സി കൂട്ടിച്ചേര്‍ത്തു.

ഈ വ്യവസായത്തിന്റെ പങ്കാളികളായ നമ്മള്‍ ഒരുമിച്ച് ആശയവിനിമയത്തിലൂടെ പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടെത്തേണ്ട ആവശ്യമുണ്ട്. മലയാള ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട വ്യക്തികളുമായും ഡിപ്പാര്‍ട്ട്‌മെന്റുകളുമായും സംഘടനകളുമായും ഈ കാലയളവില്‍ തങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചിരുന്നുവെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

ഈ സംഭാഷണങ്ങള്‍ നല്ല പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് എന്നതിനുപുറമെ ചില മാറ്റങ്ങളും സംഭവിച്ച് തുടങ്ങിയിട്ടുണ്ട് എന്ന് മനസിലാക്കുന്നതിൽ തങ്ങള്‍ക്ക് ആശ്വാസമുണ്ടെന്നും ഡബ്ല്യു.സി.സി പ്രതികരിച്ചു.

ക്രിയാത്മകമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും എന്തുകൊണ്ടാണ് ചിലര്‍ അതിനെ എതിര്‍ക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ഡബ്ല്യു.സി.സി പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഡബ്ല്യു.സി.സി പ്രവര്‍ത്തകര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഷിഫ്റ്റ് ഫോക്കസ് റിപ്പോര്‍ട്ട് എന്നിവ വിശദമായി തന്നെ പഠിക്കുകയുണ്ടായി എന്നും സംഘടന പറഞ്ഞു.

പ്രാദേശികവും അന്തര്‍ദേശീയവുമായ നിയമ, തൊഴില്‍, ലിംഗ, സിനിമാ മേഖലകളിലെ വിദഗ്ധ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. അതെല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സി.സി.സി (Cinema Code of Conduct) എന്നും ഡബ്ല്യു.സി.സി അറിയിച്ചു.

മലയാള ചലച്ചിത്ര വ്യവസായം എല്ലാവര്‍ക്കും ന്യായവും തുല്യവുമായ ജോലിസ്ഥലമാവാന്‍ വേണ്ട ചില ആശയങ്ങള്‍ അടങ്ങുന്ന ഈ ഡോക്യുമെന്റ് തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും ഇതിനോട് പ്രതികരിക്കാനും കൂടുതല്‍ ആശയങ്ങള്‍ പങ്കിടാനും ക്രിയാത്മകമായി പരിഹാരങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും മാധ്യമ-ചലച്ചിത്ര-വിനോദ വ്യവസായത്തിലെ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും ഡബ്ല്യു.സി.സി അറിയിച്ചു.

contact@wccollective.org. എന്ന മെയിലിലേക്ക് പ്രതികരണങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. നേരിട്ട് ചര്‍ച്ച ചെയ്യാന്‍ താത്പര്യമുള്ളവര്‍ അറിയിക്കണമെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

Content Highlight: hunger strike by make-up artists; WCC thanked the Labor Department for its swift intervention




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related