Kerala News
ഗാന്ധിയുടെയും ഇ.എം.സിന്റെയും പേരിടുന്നത് നമ്മൾ രഹസ്യമാക്കി വെക്കുമോ? പാലക്കാട് നഗരസഭക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലും പ്രതിഷേധം
മുൻസിപ്പൽ കൗൺസിലിൽ ചർച്ചയ്ക്ക് വെക്കാതെയാണ് ഭിന്നശേഷിക്കാർക്കുള്ള കെയർ സെന്ററിന് ഹെഡ്ഗേവാറിന്റെ പേരിടാൻ പാലക്കാട് നഗരസഭ തീരുമാനിച്ചതെന്ന് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയ നടപടിയില്‍ പാലക്കാട് നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു.
പ്രതിഷേധം ശക്തമായതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകര്‍ നഗരസഭയുടെ ഗേറ്റ് ചാടികടന്നതോടെ ഉന്തും തള്ളും ഉണ്ടാക്കുകയായിരുന്നു. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡയിലെടുത്ത് സ്ഥലത്ത് നിന്ന് മാറ്റി.
നഗരസഭയുടെ പദ്ധതി നടത്തില്ലെന്നും അതിനുവേണ്ടി ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് നഗരസഭ ഇങ്ങനെയൊരു തീരുമാനമെടുത്തത്. കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവിന്റെ പേരിടുന്നത് പരസ്യമായി പറയാന്‍ കഴിയാത്ത കൊള്ളില്ലാത്ത പരിപാടിയാണെന്ന് നഗരസഭാ അധികൃതര്‍ക്ക് തന്നെ ബോധ്യമുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ഒരു പദ്ധതിക്ക് ഗാന്ധിയുടെയോ നെഹ്റുവിന്റെയോ ഇ.എം.എസിന്റെയോ പേരിടുന്നത് നമ്മള്‍ രഹസ്യമായാണോ ചെയ്യുകയെന്നും എം.എല്‍.എ ചോദിച്ചു.
ആര്‍.എസ്.എസുകാര്‍ക്ക് പാരമ്പര്യമായി കിട്ടിയിരിക്കുന്ന ഭൂമിയില്‍ അവര്‍ക്ക് ഇഷ്ടമുള്ള ആളുകളുടെ പേരുകള്‍ അവര്‍ ഇട്ടോട്ടെ, അവരുടെ നേതാക്കന്മാരുടെയോ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുടെയോ അതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല. പക്ഷെ നമ്മള്‍ കരം കൊടുത്ത് മുന്‍സിപ്പാലിറ്റി വാങ്ങിയ ഭൂമിയില്‍ ഈ നടപടി അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.
നഗരസഭക്കെതിരെ തുടര്‍ച്ചയായ പ്രതിഷേധം ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. ജനം ടി.വിയുടെ റിപ്പോര്‍ട്ടറെ എം.എല്‍.എ രൂക്ഷമായ വിമര്‍ശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ജയിച്ച ഹിറ്റ്‌ലര്‍ നല്ലവനാണെന്ന് നിങ്ങള്‍ പറയുമോയെന്ന് ജനം ടി.വി റിപ്പോര്‍ട്ടറോട് രാഹുല്‍ ചോദിച്ചു.
ഹെഡ്‌ഗേവാറിന്റെ ആശയമല്ലേ രാജ്യം ഭരിക്കുന്നതെന്നും ആ ആശയത്തിന്റെ പ്രേരണയിലല്ലേ പാലക്കാട്ടെ നടപടിയും എന്ന ജനം ടി.വി റിപ്പോര്‍ട്ടറിന്റെ ചോദ്യത്തെയാണ് രാഹുല്‍ വിമര്‍ശിച്ചത്.
അതേസമയം പാലക്കാട് നഗരസഭയുടെ നടപടിക്കെതിരെ രാവിലെ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചിരുന്നു.
കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി മാറ്റിവെച്ച കല്ല് ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പരിപാടി നടക്കുന്ന വേദി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയും വേദിയുടെ സമീപത്തായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ വെക്കുകയും ചെയ്തിരുന്നു.
Content Highlight: Rahul Mamkoottathil also leads protest against Palakkad Municipality