സാദിക്ക് അലി തങ്ങള്‍ക്ക് അന്ന് പ്രായം കൂടുതലായിരുന്നു, എന്നെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തെ വീണ്ടും യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്: കെ.ടി. ജലീല്‍
കോഴിക്കോട്: പ്രായം കൂടുതലായിരുന്നിട്ടും യൂത്ത് ലീഗിന്റെ നേതൃസ്ഥാനത്തേക്ക് വീണ്ടും സാദിക്ക് അലി ശിഹാബ് തങ്ങളെ കൊണ്ടുവന്നത് യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് കെ.ടി. ജലീല്‍. ന്യൂസ് അറ്റ് ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി. ജലീല്‍ | പാണക്കാട് സാദിക്ക് അലി ശിഹാബ് തങ്ങള്‍
താന്‍ ജനറല്‍ സെക്രട്ടറിയായ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അവസാന കാലത്ത് കുഞ്ഞാലിക്കുട്ടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും പിന്നീട് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് കുഞ്ഞാലിക്കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നതായും കെ.ടി. ജലീല്‍ പറയുന്നു.
താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രായം കൂടുതലായിരുന്നിട്ടും സാദിക്കലി ശിഹാബ് തങ്ങളെ വീണ്ടും യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചതും തന്നെ യൂത്ത് ലീഗിന്റെ അഖിലേന്ത്യ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
എന്നാല്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം കോഴിക്കോട് കടപ്പുറത്ത് നടത്തിയ പരിപാടിയില്‍ അഖിലേന്ത്യ നേതാവായ തനിക്ക് സ്റ്റേജില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ അമര്‍ഷമുണ്ടായിരുന്ന ചില പ്രവര്‍ത്തകര്‍ക്ക് ആ പരിപാടി സ്ഥലത്ത് വെച്ച് തനിക്ക് ചുറ്റുംകൂടി മുദ്രാവാക്യം വിളിച്ചിരുന്നതായും കെ.ടി. ജലീല്‍ പറയുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി | കെ.എം. ഷാജി
കുഞ്ഞാലിക്കുട്ടി പറഞ്ഞ പല കാര്യങ്ങളും തീരുമാനമായി കൊണ്ടുവരാന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും താന്‍ അതിന് ശ്രമിച്ചിരുന്നില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ തീരുമാനങ്ങളല്ല സംഘടനയില്‍ നടപ്പിലാക്കിയിരുന്നതെന്നും സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ പത്രങ്ങളെ വിളിച്ച് പറയുകയുമാണ് താന്‍ ചെയ്തിരുന്നതെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗിന്റെ സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങളാണ് ശരി എന്ന ബോധ്യമുള്ളത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശങ്ങള്‍ താന്‍ നടപ്പിലാക്കാന്‍ ശ്രമിക്കാത്തതിന് കാരണമെന്നും അദ്ദേഹം പറയുന്നു. ഈ അഭിപ്രായ വ്യത്യാസം കൂടിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് തന്നെ യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാടില്ല എന്ന നിലപാട് മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി കൈകൊള്ളുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
എന്നാല്‍ അന്നത്തെ യൂത്ത് ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിലെ കൗണ്‍സിലര്‍മാര്‍ പൂര്‍ണമായും തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനത്തിന് എതിരായിരുന്നെന്നും കെ.ടി. ജലീല്‍ ഓര്‍ത്തെടുക്കുന്നു. താന്‍ പ്രസിഡന്റും കെ.എം. ഷാജി ജനറല്‍ സെക്രട്ടറിയും എന്ന ഫോര്‍മുലയോ അല്ലെങ്കില്‍ സാദിക്ക് അലി തങ്ങള്‍ പ്രസിഡന്റും താന്‍ ജനറല്‍ സെക്രട്ടറിയും കെ.എം. ഷാജി ട്രഷററുമായ കമ്മിറ്റി തുടരട്ടെ എന്നുമായിരുന്നു കൗണ്‍സിലര്‍മാരുടെ നിലപാട്.
എന്നാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ട യോഗം അനിശ്ചിതമായി നീണ്ടതോടെ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചെന്നും കമ്മിറ്റിയുടെ സമയം അനിശ്ചിതമായി നീളുന്നതില്‍ മുഹമ്മദലി ശിഹാബ് തങ്ങല്‍ അസ്വസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് താന്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞതെന്നും ഇക്കാര്യം താന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചോളാമെന്ന് പറഞ്ഞതായും കെ.ടി. ജലീല്‍ പറഞ്ഞു.
മഞ്ചേരി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ച സമയം കൂടിയായിരുന്നു അതെന്നും ഈ സന്ദര്‍ഭത്തില്‍ യൂത്ത്‌ലീഗിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം ചെയ്യുമെന്നും എന്നുള്ള അറിയിപ്പോടെ താന്‍ യൂത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന് കൗണ്‍സിലിനെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീല്‍
അങ്ങനെയാണ് ആ യോഗം അവസാനിച്ചതും പാണക്കാട് സാദിക്ക് അലി തങ്ങള്‍ വീണ്ടും യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. സത്യത്തില്‍ അന്ന് പാണക്കാട് സാദിക്ക് അലി തങ്ങള്‍ക്ക് യൂത്ത് ലീഗിന്റെ മാനദണ്ഡങ്ങല്‍ പ്രകാരം പ്രായം കൂടുതലായിരുന്നെന്നും എന്നാല്‍ തന്നെ പുറത്താക്കാന്‍ വേണ്ടിയാണ് വീണ്ടും അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടി കൊണ്ടു വന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
content highlights: Sadiq Ali was older then and was brought back to lead the youth league just to get rid of me: KT. Jaleel