Kerala News
വേടന്‍ രാഷ്ട്രീയബോധമുള്ള യുവതയുടെ പ്രതിനിധി; അദ്ദേഹം ശക്തമായി തിരിച്ച് വരണമെന്ന് വനംമന്ത്രി; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും
കോഴിക്കോട്: റാപ്പര്‍ വേടന്റെ അറസ്റ്റ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. സാംസ്‌കാരികപ്രവര്‍ത്തകനും കലാകാരനുമായ ഹിരണ്‍ ദാസ് മുരളിയെന്ന വേടന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി വേടന്‍ ശക്തമായി തിരിച്ച് വരണമെന്നും ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് അനാവശ്യ പ്രതികരണങ്ങള്‍ നടത്തി അപൂര്‍വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിച്ച കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരേണ്ടതുണ്ടെന്നും അതിനായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അത് അതിന്റേതായ വഴിക്ക് നീങ്ങട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വനംമന്ത്രി എന്ന നിലയില്‍ തന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ചില നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനംമന്ത്രിയും ഈ കേസില്‍ ചെയ്യുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സാമുഹ്യമാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചെന്ന് മന്ത്രി ആരോപിച്ചു. വനം വകുപ്പിനും സര്‍ക്കാരിനുമെതിരെ ഈ പ്രശ്നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
‘സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി ഈ കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ചില ദൃശ്യമാധ്യമങ്ങളോട് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരണം നടത്തിയത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ഇപ്രകാരം അപൂര്‍വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിക്കാനിടയാക്കിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: The Vedan is a representative of politically conscious youth; Forest Minister wants him to come back strongly; Action will be taken against forest officials