national news
ക്രിസ്തുമതത്തിലേക്ക് മതം മാറിയാൽ പട്ടികജാതി വിഭാഗത്തിന് പദവി നഷ്ടപ്പെടും: ആന്ധ്രാ ഹൈക്കോടതി
വിജയവാഡ: പട്ടികജാതി (എസ്.സി) വിഭാഗത്തിൽപ്പെട്ട വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാ പ്രദേശ് ഹൈക്കോടതി. പട്ടികജാതി പദവി നഷ്ടപ്പെടുന്നതോടൊപ്പം തന്നെ അവരുടെ പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ആന്ധ്രാ പ്രദേശ് ഹൈക്കോടതി പറഞ്ഞു.
ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് എസ്.സി/എസ്.ടി നിയമപ്രകാരം നൽകിയ കേസിലാണ് കോടതിയുടെ ഈ വിധി. ജസ്റ്റിസ് എൻ. ഹരിനാഥാണ് വിധി പുറപ്പെടുവിച്ചത്.
ഒരു ദശാബ്ദത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദ്, 2021 ജനുവരിയിൽ, അക്കാല റാമിറെഡ്ഡി എന്ന വ്യക്തിയും കൂട്ടാളികളും ജാതിയുടെ പേരിൽ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ചന്ദോളു പൊലീസിൽ പരാതി നൽകിയിരുന്നു. എസ്.സി/എസ്.ടി നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് പത്ത് വർഷം പാസ്റ്ററായി സേവനമനുഷ്ഠിച്ച ആനന്ദ്, 1950 ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് പ്രകാരം പട്ടികജാതി അംഗമായി യോഗ്യത നേടുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവിൽ പറയുന്നതെന്ന് ഫാനി ദത്ത് കോടതിയിൽ വാദിച്ചു.
എസ്.സി, എസ്.ടി സമൂഹങ്ങളെ വിവേചനത്തിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് എസ്.സി/എസ്.ടി നിയമം നടപ്പിലാക്കിയതെങ്കിലും മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് അതിലെ വ്യവസ്ഥകൾ ബാധകമല്ലെന്നും കോടതി പറഞ്ഞു. വ്യാജ പരാതി നൽകി ആനന്ദ് എസ്.സി/എസ്.ടി നിയമം ദുരുപയോഗം ചെയ്‌തതായും കോടതി കണ്ടെത്തി. വ്യക്തമായി അന്വേഷണങ്ങൾ നടത്താതെ കേസ് രജിസ്റ്റർ ചെയ്തതിന് പൊലീസിനെ കോടതി വിമർശിച്ചു.
ആനന്ദിന്റെ പരാതിക്ക് നിയമപരമായ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹരിനാഥ്, റാമിറെഡ്ഡിക്കും മറ്റുള്ളവർക്കുമെതിരായ കേസ് റദ്ദാക്കി. ആനന്ദിന്റെ ജാതി സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി പറഞ്ഞു.
Content Highlight: SCs will lose their status after converting to Christianity: Andhra High Court